സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി

ചൂരൽമല: സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി. രണ്ടു പേരെ എയർലിഫ്റ്റ് ചെയ്തു. കാലിനു പരിക്കേറ്റ രണ്ടു പേരെയാണ് എയർലിഫ്റ്റ് ചെയ്തത്. ഒരാളെ കയർ അരയിൽ കെട്ടിയാണ് കോസ്റ്റ് ഗാർഡ് പുറത്തെത്തിച്ചത്. വയനാട് പോത്തുകല്ല് സ്വദേശികളായ റഹീസ്, സാലിഹ്, കൊണ്ടോട്ടി സ്വദേശി മുഹ്സിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

വെള്ളിയാഴ്ച ചാലിയാർ പുഴ കടന്ന് വനമേഖലയിലേക്ക് പോയ ഇവർ സൂചിപ്പാറയിൽ കുടുങ്ങുകയായിരുന്നു. രാത്രി മുഴുവനും മരപ്പൊത്തിൽ അഭയം തേടിയെന്ന് യുവാക്കൾ പറഞ്ഞു. കയ്യിൽ ഫോണില്ലാത്തതിനാൽ ഇവർക്ക് ആരുമായും ബന്ധപ്പെടാനായില്ല. തിരച്ചിലിൽ പങ്കുചേരാനാണ് പോയതെന്നാണ് മൂന്നുപേരും പറയുന്നത്. എന്നാൽ അനുമതിയില്ലാതെയാണ് ഇവർ തിരച്ചിലിന് ഇറങ്ങിയതെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

