KOYILANDY DIARY

The Perfect News Portal

അക്ഷയ കേന്ദ്രങ്ങൾ വെള്ളിയാഴ്ച കരിദിനം ആചരിക്കും

അക്ഷയ കേന്ദ്രങ്ങൾക്കെതിരായ അനീതിക്കും അവഗണിക്കുമെതിരെ 24ന് വെള്ളിയാഴ്ച കരിദിനം ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാൻ ഫോറം ഓഫ് അക്ഷയ എൻ്റർപ്രെണേഴ്സ് (FACE) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പ്രതിഷേധത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് ഫെബ്രുവരി 24 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി അക്ഷയ കേന്ദ്രങ്ങൾ കരിദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

അക്ഷയ കേന്ദ്രങ്ങളോടുള്ള അവഗണന  അവസാനിപ്പിക്കുക. സർക്കാർ സേവന നിരക്കുകൾ പരിഷ്കരിക്കുക പഞ്ചായത്തുകളിൽ തുടങ്ങിയ കുടുംബശ്രി ഹെൽപ് ഡെസ്ക് ഫസിലിറ്റേഷൻ സെന്ററുകൾ നിർത്തലാക്കുക, അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കുക, അക്ഷയ കേന്ദ്രങ്ങൾ റദ്ദ് ചെയ്യുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫേസിന്റെ നേതൃത്വത്തിൽ അക്ഷയ സംരംഭകർ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുന്നത്.

എല്ലാ മേഖലയിലെയും വിലവർധനവും, ശമ്പളപരിഷ്കരണവും വർധിച്ചിട്ടും അക്ഷയ സംരംഭകർക്ക് യാതൊരുവിധ പരിഗണനയും സർക്കാർ നൽകുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്ക് സേവന ദാതാക്കളായി കമ്പ്യൂട്ടർ സാക്ഷരത നൽകികൊണ്ട് 20 വർഷം മുമ്പ് രൂപമെടുത്ത അക്ഷയ പ്രസ്ഥാനത്തിലെ സംരംഭകർ അടിസ്ഥാന സൗകര്യം ഒരുക്കി എല്ലാം സഹിച്ചു മുമ്പോട്ടുപോകുമ്പോൾ അവായെ സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതുമായ ബാധ്യത സർക്കാരിനുണ്ടെന്ന് സംരംഭകർ പറയുന്നു.

Advertisements

സർക്കാർ ഏല്പിച്ച ആരോഗ്യ ഇൻഷുറൻസ്, റേഷൻ കാർഡ് ഫോട്ടോയെടുക്കാൻ ഇലക്ഷൻ വെബ്ബ് കാസ്റ്റിംഗ്, പെൻഷൻ മസ്റ്ററിങ് ഉൾപ്പെടെ മറ്റനവധി പ്രോജക്ടുകളും വൻവിജയമാക്കുകയും ഇപ്പോഴും സർക്കാർ പദ്ധതികൾ ഏറ്റവും സുതാര്യമായും അഴിമതിരഹിതമായും ജനങ്ങളിൽ എത്തിക്കുന്നത് 3000ത്തോളം വരുന്ന അക്ഷയ കേന്ദ്രങ്ങളാണെന്ന് നിസംശയം പറയാം സാധിക്കും.  ഇത്തരത്തിൽ പ്രവർത്തിക്കുന്ന അക്ഷയ പ്രസ്ഥാനത്തേയും സംരംഭകരേയും ജീവനക്കാരെയും സംരക്ഷിക്കേണ്ട സർക്കാർ ഇക്കാര്യത്തിൽ കണ്ണുതുറക്കേണ്ടതുണ്ട്. അതിനാണ് 24 ന് അക്ഷയ കേന്ദ്രങ്ങൾ കരിദിനമായി ആചരിക്കുന്നത്.

മാർച്ച് നാലിന് നടക്കുന്ന സംസ്ഥാനതല അർദ്ധ വാർഷിക സമ്മേളനത്തിൽ പ്രതിക്ഷേധ സദസ് സംഘടിപ്പിക്കുമെന്നും ഫേസ് സംസ്ഥാന പ്രസിഡണ്ട് സ്റ്റീഫൻ ജോൺ, സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ, ട്രഷറർ സി വൈ നിഷാന്ത് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.