KOYILANDY DIARY

The Perfect News Portal

നികുതിദായകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്

കൊയിലാണ്ടി: നികുതിദായകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ആവശ്യപ്പെട്ടു. ജിഎസ്ടി നിലവിൽ വന്ന പ്രാരംഭ വർഷങ്ങളിൽ ജി എസ് ടി ആർ 2A യിൽ വന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സമയബന്ധിതമായി എടുക്കുന്നതിൽ വൈകിയതിന്റെ പേരിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിഷേധിക്കുന്ന നോട്ടീസുകൾ നികുതി ദായകരെ വലയ്ക്കുന്നതായി അസോസിയേൻ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.
 ജിഎസ്ടി നടപ്പിലാക്കുമ്പോൾ നിലനിന്നിരുന്ന അവ്യക്തതയും സങ്കീർണതയും സാങ്കേതിക തകരാറുകളും അനുഭവിച്ചുകൊണ്ടാണ് ഈ കാലങ്ങളിൽ ജി എസ് ടി റിട്ടേണുകൾ ഫയൽ ചെയ്തത്. ജിഎസ്ടി നടപ്പിൽ വന്നിട്ട് അഞ്ചുവർഷം പിന്നിടുമ്പോൾ വരുന്ന ഇത്തരം നോട്ടീസുകളിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നഷ്ടവും അഞ്ചു വർഷത്തെ പലിശയും, പിഴയും കൂടി ഭാരിച്ച തുകയാണ് ബാധ്യത വരുന്നത്. ഇത്തരം നികുതി നിഷേധം പ്രത്യേകിച്ച് ചെറുകിട നികുതിദായകരെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിടുകയാണ്. ജി എസ് ടി ആർ 2A യിൽ വന്ന  പ്രകാരം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനുവദിച്ച് ഈ പ്രശ്നം പരിഹരിക്കണമെന്ന് അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണനേഴ്സ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
Advertisements
ട്രൈബ്യൂണലിന്റെ പ്രവർത്തനം വേഗത്തിലാക്കി നികുതിദായകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ബാലചന്ദ്രൻ സി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി മസൂദ്, ബിനു കരിമ്പിൽ, സൂരജ് യു. കെ. സിന്ധു പുതുശ്ശേരി, തോമസ് കെ ഡി, ശ്രീകുമാർ സി പി, ഇ. ടി സത്യൻ, അബ്ദുൽ മജീദ്, കൃഷ്ണപ്രജിൻ എന്നിവർ സംസാരിച്ചു. അസോസിയേഷന്റെ പുതിയ ഭാരവാഹികളായി അജയകുമാർ പേരാമ്പ്ര (പ്രസിഡണ്ട്),  സതീശൻ കൊയിലാണ്ടി (സെക്രട്ടറി), ഷാജി ചന്ദ്രൻ ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.