KOYILANDY DIARY.COM

The Perfect News Portal

ആക്റ്റ് പുരസ്കാരം ടി ജി രവിക്ക്

തിരൂർ: നാടക-സിനിമാ രംഗത്തെ സമഗ്ര സംഭാവനക്ക് ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ ആക്റ്റ് പുരസ്കാരം പ്രശസ്ത നാടക – സിനിമ അഭിനേതാവ് ടി ജി രവിക്ക്. സ്കൂൾ – കോളേജ് തലം മുതൽ നാടക നടനായും തുടർന്ന് ആകാശവാണിയിൽ റേഡിയോ നാടക അവതരണത്തിലും ടി ജി രവി ശ്രദ്ധേയനായിരുന്നു. 200ൽ പരം സിനിമകളിൽ നായകനായും പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങിയിട്ടുണ്ട്.

പ്രശസ്ത സംവിധായകനായിരുന്ന അരവിന്ദന്റെ ഉത്തരായനം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. 1993ല്‍ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലെ ആരാച്ചാർ എന്ന കഥാപാത്രം മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്ന് സിനിമകൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമയിൽ നായകനും, പ്രതിനായകനും, സ്വഭാവ നടനായും, വില്ലൻ കഥാപാത്രമായും വേറിട്ട അഭിനയം കാഴ്ചവെച്ചു. കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, സ്റ്റേറ്റ് ടെലിവിഷൻ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.

 

സരസ്വതി നമ്പൂതിരി, ഡോ. എം എൻ അബ്ദു റഹ്മാൻ, എസ് ത്യാഗരാജൻ എന്നിവർ അംഗങ്ങളും അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി, കൺവീനറുമായിട്ടുള്ള ജൂറി കമ്മിറ്റിയാണ് ടി ജി രവിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ക്യാഷ് അവാർഡും, പ്രത്യേകം രൂപകല്പന ചെയ്ത ഫലകവുമാണ് പുരസ്കാരം. ആക്റ്റ് നാടകമേളയോടനുബന്ധിച്ച് നവംബർ 16ന് ശനിയാഴ്ച വൈകിട്ട് 6 ന് തിരൂർ മുൻസിപ്പൽ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന കായിക മന്ത്രിയും ആക്റ്റ് പ്രസിഡന്റുമായ വി അബ്ദുൽറഹ്മാൻ ടി ജി രവിക്ക് പുരസ്കാരം സമർപ്പിക്കും.

Advertisements

 

Share news