മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 104 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

മഞ്ചേരി: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 104 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. അരീക്കോട് സ്വദേശിയായ 41കാരനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജി എസ് രശ്‌മി ശിക്ഷിച്ചത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ബാലികാസംരക്ഷണ നിയമം, സംരക്ഷിക്കേണ്ടവർതന്നെ പീഡിപ്പിച്ച കുറ്റം, രക്തബന്ധത്തിലുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകളിലാണ് ശിക്ഷ.

പ്രതി പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണം. പതിനേഴുകാരിയെ പത്തുവയസ്സുമുതൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ എൻ മനോജ് ഹാജരായി. 22 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകൾ ഹാജരാക്കി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

ശാരീരിക അസ്വസ്ഥതയെ തുടർന്ന് പിതാവുതന്നെയാണ് കുട്ടിയെ അരീക്കോട് ആശുപത്രിയിൽ എത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് പീഡന വിവരം പുറത്തായത്. അരീക്കോട് പൊലീസ് ഇൻസ്‌പെക്‌ടറായിരുന്ന അബ്ബാസലി, സബ് ഇൻസ്പെക്ടർ എം കബീർ, അസി. സബ് ഇൻസ്പെക്ടർ കെ സ്വയംപ്രഭ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

