KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരത്തിൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കാറും കവർന്നു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കാറും കവർന്നതായി പരാതി. പിന്നീട് കാറുമായി സംഘം കടന്നുകളഞ്ഞു. ചുരത്തിൽ ഒമ്പതാംവളവിനു താഴെ ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം.

മൈസൂരിൽനിന്ന്‌ കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂർ ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. എന്നാൽ, വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തിയത്. പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് വിശാലിന്റെ വിശദീകരണം. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

മൈസൂരിൽനിന്ന്‌ ബുധനാഴ്ച പുലർച്ചെ അഞ്ചിന് കൊടുവള്ളിയിലേക്ക് കാർ മാർഗം സഞ്ചരിച്ച വിശാൽ ദശത് രാവിലെ എട്ടുമണിയോടെയാണ് താമരശ്ശേരി ചുരത്തിലെത്തിയത്. ഒമ്പതാംവളവിന് സമീപമെത്തിയപ്പോൾ പിറകിൽ രണ്ട് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം വിശാലിന്റെ വാഹനം തടഞ്ഞിടുകയായിരുന്നു. രണ്ട് കാറുകളിലായി എട്ട് പേരുണ്ടായിരുന്നെന്നാണ് വിശാൽ പോലീസിന് നൽകിയ വിവരം. വശത്തെ ഗ്ലാസ് അടിച്ചുതകർത്ത ശേഷം വിശാലിനെ കാറിൽനിന്ന്‌ വലിച്ച് പുറത്തേക്കിട്ട സംഘം കൈ കൊണ്ടും കമ്പിവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിച്ചു.

Advertisements

 

തുടർന്ന് കാറിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും എടുത്ത് കാറുമായി കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്നു. കൊടുവള്ളിയിൽനിന്ന്‌ പഴയ സ്വർണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും ഇരുപതിനായിരം രൂപയുടെ മൊബൈൽ ഫോണും വാഹനത്തിനകത്തുണ്ടായിരുന്നെന്നാണ് പരാതിക്കാരൻ അറിയിച്ചത്. അതേസമയം, കവർച്ച ചെയ്യപ്പെട്ടത് കുഴൽപ്പണമാവാമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.

സ്വർണം, കുഴൽപ്പണക്കടത്ത് സംഘം വിവരം ചോർത്തി വാഹനം തടഞ്ഞ് കവർച്ച നടത്തുന്നതിന് ചുരംപാത ഇതിനുമുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം മേയ് 28-ന് ഗൾഫിൽ നിന്ന്‌ കോഴിക്കോട് വിമാനത്താവളത്തിൽ വന്നിറങ്ങിയ കുന്ദമംഗലം സ്വദേശിയെ പിന്തുടർന്നെത്തിയ സംഘം രണ്ടാംവളവിനു സമീപം അർധരാത്രി ഇയാളെ തട്ടിക്കൊണ്ടുപോയിരുന്നു. സംഭവത്തിനുപിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നായിരുന്നു പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. 

 

Share news