കൊയിലാണ്ടി പോലീസിൻ്റെ കിരീടത്തിൽ ഒരു പൊൻതുവൽകൂടി
അന്വേഷണ മികവ്.. കൊയിലാണ്ടി പോലീസിൻ്റെ കിരീടത്തിൽ ഒരു പൊൻതുവൽകൂടി ചാർത്തിയിരിക്കുകയാണ്… കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയായ 17 വയസ്സുകാരിയുടെ തിരോധാനവും 4 ദിവസങ്ങൾക്ക് ശേഷം കുട്ടിയെ കർണ്ണാടകയിലെ മടിവാളയിൽ രണ്ട് യുവാക്കളോടൊപ്പം കണ്ടെത്തിയ കൊയിലാണ്ടി പോലീസിൻ്റെ അന്വേഷണ മികവും ഏറെ പ്രശംസനീയം എന്ന് പറയാതെവയ്യ. കുട്ടിയെ കാണാതായതോടെ വീട്ടുകാർ കൊയിലാണ്ടി പോലീസിൽ പരാതി നൽകുമ്പോൾ പോലീസിന് മുമ്പിൽ ഒരു തുമ്പും ഇല്ല എന്നത് ആദ്യംതന്നെ അന്വേഷണസംഘത്തെ അങ്കലാപ്പിലാക്കിയിരുന്നു എന്ന് നമുക്ക് മനസിലാക്കാം.

കുട്ടി ഏത് ദിശയിലേക്കാണ് പോയത് എന്നതിന് ഒരു സൂചനയും ഇല്ല എന്നതും ഫോണിൻ്റെ സിം ഊരിവെച്ച് വീട്ടിൽതന്നെ ഫോൺ ഉപേക്ഷിച്ച് മനസിൽ പലതും കണക്കുകൾ കൂട്ടിയുള്ള ഒരു ദീർഘദൂരത്തേക്ക് മറയുമ്പോൾ തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെയുള്ള ആ യാത്ര പോലീസിനെ ശരിക്കും കുഴക്കി എന്ന് തന്നെ പറയാം.. പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോണുകൾ രണ്ടും പ്രവർത്തന രഹിതം, ദൂര സ്ഥലത്തേക്ക് പോകാനാണെങ്കിൽ ഒരു പ്രതി സാധാരണയായി ഉപയോഗിച്ച് വരുന്ന കാർ നാട്ടിൽ തന്നെ ഉണ്ട് എന്നതും അന്വേഷണം ഏങ്ങോട്ടെന്നതും ആശങ്കയിലാക്കിയ നിമിഷം..

സർക്കിൾ ഇൻസ്പെക്ടർ എൻ. സുനിൽ കുമാറിൻ്റെ നിർദ്ദേശ പ്രകാരം എസ്ഐ അരവിന്ദൻ്റെ നേതൃത്വത്തിലുള്ള 4 അംഗങ്ങളുള്ള പ്രത്യേക അന്വേഷണ സംഘം രാവും പകലും വിശ്രമമില്ലാതെ കടുത്ത മഴയും ശൈത്യവും അതിജീവിച്ച് അർദ്ധരാത്രിയിലും കേരളത്തിൻ്റെ ബോർഡർ കടന്ന് കർണ്ണാടക വനഭൂമിയിലൂടെ സൈബർ സെല്ലിൻ്റെ സഹായത്തോടെ പഴുതുകളടച്ച് നടത്തിയ നീക്കം ഒടുവിൽ വിജയം കാണുകയായിരുന്നു.

യുവതിയുമായി ചുറ്റിപ്പറ്റി നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും കിട്ടിയ സൂചന പ്രകാരം മുന്നോട്ട് നീങ്ങിയപ്പോൾ സുഹൃത്തും കൂടെപോയി എന്ന് സംശയിക്കുന്ന ആളുമായ യുവാവിൻ്റെ ഇന്നോവ കാർ നാട്ടിൽതന്നെ ഉണ്ടെന്നാണ് മനസിലായത്. എന്നാൽ യുവാവ് തൻ്റെ വെളുത്ത ഇന്നോവ കാറിന് പകരം തൻ്റെ സുഹൃത്തിൻ്റെ അതേ നിറത്തിലുള്ള മറ്റൊരു കാർ നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിക്കാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചു. അതിൻ്റെ ചുവട് പിടിച്ച് ഒരു വഴിക്ക് അന്വേഷണം നടത്തുകയും യുവാവിൻ്റെ സുഹൃത്തിൻ്റെ കാറിൻ്റെ ഡ്രൈവറുടെ ഫോണിൽ നിന്ന് കുട്ടിയുടെ അടുത്ത ബന്ധുവിൻ്റെ ഫോണിലേക്ക് വന്ന ഒരു മിസ് കോൾ പരിശോധിക്കുകയും ചെയ്തു.

