KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ അപൂർവയിനം നിശാശലഭത്തെ കണ്ടെത്തി

കണ്ണൂർ: വയനാട്ടിലെ വടക്കൻ വനമേഖലയായ ചിറപ്പുല്ലിൽ അപൂർവയിനം നിശാശലഭത്തെ കണ്ടെത്തി. കൊർഗാത്ത അട്രിമാർഗോ എന്നറിയപ്പെടുന്ന നിശാശലഭത്തെ രാജ്യത്ത്‌ ആദ്യമായാണ്‌ കണ്ടെത്തുന്നത്‌. കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി പഠനവകുപ്പിലെ ഗവേഷക വിദ്യാർത്ഥി രമ്യ രാജൻ പിഎച്ച്‌ഡി ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ നിരീക്ഷണത്തിലാണ്‌ ഈ ശലഭത്തെ കണ്ടെത്തിയത്‌.


 
ഫിലിപ്പൈൻസ്, കംബോഡിയ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിലാണ്‌ ഇതുവരെ കൊർഗാത്ത അട്രിമാർഗോയെ കണ്ടത്‌. എറിബിഡേ കുടുംബത്തിൽപ്പെട്ട കൊർഗാത്ത ജീനസിൽ 18 സ്പീഷീസുകളെയാണ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടെത്തിയത്‌. ഈ ഇനത്തെ പുതിയതായി രേഖപ്പെടുത്തിയതോടെ കേരളത്തിലെ കൊർഗാത്ത സ്പീഷീസുകളുടെ എണ്ണം മൂന്നായി. കൊർഗാത്ത റുബ്ര, കൊർഗാത്ത സൊണാലിസ്‌ എന്നീ ഇനങ്ങളെയാണ്‌ നേരത്തെ കണ്ടെത്തിയത്‌.

മോറാഴ സ്വദേശിനിയായ രമ്യ ‘വയനാട്ടിലെ  നിശാശലഭങ്ങൾ’ വിഷയത്തിലാണ്‌ ഗവേഷണം നടത്തുന്നത്‌. നിശാശലഭങ്ങളിലെ വൈവിധ്യങ്ങൾ, ശാസ്‌ത്രീയമായ വർഗീകരണം തുടങ്ങിയവയിൽ കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിലെ സുവോളജി പഠനവകുപ്പ്‌ മേധാവി ഡോ. ആർ എസ് എം  ഷംസുദ്ദീന്റെ കീഴിലാണ്‌  ഗവേഷണം.  കൊർഗാത്ത അട്രിമാർഗോ എന്ന സ്പീഷീസിനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായി അംഗീകരിക്കുന്നതോടെ പശ്ചിമഘട്ടത്തിലെ അപൂർവ ജീവജാലങ്ങളെ കുറിച്ചുള്ള തുടർച്ചയായ പഠനങ്ങളുടെ ആവശ്യകതയാണ്‌ മുന്നോട്ടുവയ്‌ക്കുന്നതെന്ന്‌ ഡോ. ആർ എസ് എം  ഷംസുദ്ദീൻ പറഞ്ഞു.  പുതിയ കണ്ടെത്തൽ രാജ്യത്തെ നിശാശലഭ ഗവേഷണത്തിൽ പുതിയ വഴിത്തിരിവാണെന്നും അദ്ദേഹം പറഞ്ഞു.

Share news