മനുഷ്യക്കടത്തെന്ന് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി
മുംബൈ: മനുഷ്യക്കടത്തെന്ന് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി. തടഞ്ഞുവെച്ച് 4 ദിവസത്തിന് ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് എത്തിയത്. 303 യാത്രക്കാരുമായി തെക്കൻ അമേരിക്കയിലെ നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന എ 340 ആണ് പാരീസിലെ വാട്രി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്.

റൊമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെയായിരുന്നു വിമാനം. വിമാനത്തിലുണ്ടായിരുന്ന 303 പേരും ഇന്ത്യൻ വംശജരാണെന്നാണ് വിവരം. യാത്രക്കാരിൽ മനുഷ്യക്കടത്തിന് ഇരയാവുന്നവരുമുണ്ടെന്ന് പറഞ്ഞ് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

യാത്രക്കാരെ സാങ്കേതികമായി കരുതൽ തടങ്കലിൽ വച്ചിരിക്കുകയായിരുന്നു. പുലർച്ചെ നാലോടെയാണ് വിമാനം മുംബൈയിലെത്തിയത്. 276 യാത്രക്കാരാണ് വിമാനത്തിൽ എത്തിയത്. കുട്ടികളുൾപ്പെടെ 25 പേർ ഫ്രാൻസിൽ തന്നെ തുടരുകയാണെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു.

