സംരംഭകനിൽ നിന്നും ഓഹരി നിക്ഷേപ തട്ടിപ്പിലൂടെ പണം കവർന്ന കേസ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട് സ്വദേശിയായ സംരംഭകനിൽ നിന്നും ഓഹരി നിക്ഷേപ തട്ടിപ്പിലൂടെ പണം കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഓഹരി നിക്ഷേപ മേഖലയിലെ ഒരു ബ്രാന്‍ഡിന്റെ വ്യാജപതിപ്പുണ്ടാക്കി 4.8 കോടിയോളം രൂപയാണ് പ്രതികൾ കവർന്നത്. ഓൺലൈൻ മുഖേനയുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ബോധവൽക്കരണ പരിപാടികൾ ശക്തമാക്കാനുമാണ് പൊലീസിന്റെ നീക്കം. ട്രേഡിങ്ങിലൂടെയും വിവിധ സാമൂഹ്യ മാധ്യമ ആപ്പുകൾ വഴിയും ഇരട്ടി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന സംഘം വ്യാപകമാവുകയാണ്.

ഇത്തരത്തിൽ കോഴിക്കോട് സ്വദേശിയായ സംരംഭകന് നഷ്ടമായത് 4.8 കോടി രൂപയാണ്. ഓഹരി നിക്ഷേപ മേഖലയിലെ ഒരു ബ്രാന്‍ഡിന്റെ വ്യാജപതിപ്പുണ്ടാക്കി കൂടുതല്‍ ലാഭമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഈ സംരംഭകനില്‍ നിന്നും തട്ടിപ്പുകാർ പണം കവർന്നത്. സോഷ്യല്‍ മീഡിയ വഴി ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് ഇര തട്ടിപ്പുകാരുടെ വലയില്‍ വീണത്. തുടര്‍ന്ന് വിവിധ വാട്സ് ആപ്പ്, ടെലിഗ്രാ ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുകയായിരുന്നു. ചില ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാന്‍ ചെയ്യാനും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു.

ഉയര്‍ന്ന റിട്ടേണ്‍ കിട്ടുമെന്ന ധാരണയില്‍ അക്കൗണ്ടുകളിലേക്ക് ആവശ്യപ്പെട്ട പണം നിക്ഷേപിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ 24 അക്കൗണ്ടുകളിലേക്കാണ് പണം പോയത്. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഓൺലൈൻ വ്യാപാരത്തിലൂടെ പണം തട്ടുന്നതിനെതിരെ വ്യാപകമായ ബോധവൽക്കരണവും ആലോചനയിലുണ്ട്. കോഴിക്കോട് നഗരത്തിൽ മാത്രം ഈ വർഷം 15 കോടി 35 ലക്ഷം രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ പലർക്കും നഷ്ടമായത്.

