KOYILANDY DIARY

The Perfect News Portal

വയനാട്ടിൽ കർഷകനെ കരടി ആക്രമിച്ചു

വയനാട്ടിൽ കർഷകനെ കരടി ആക്രമിച്ചു. വാകേരി ഗാന്ധി നഗറിൽ കൂമ്പുങ്കൽ അബ്രഹാം (67) ആണ് ആക്രമണത്തിനിരയായത്. ശനിയാഴ്‌ച‌ പകൽ ഉച്ചയോടെയായിരുന്നു സംഭവം. കൃഷിയിടത്തിലെ ആൾ താമസമില്ലാത്ത പഴയ വീട്ടിലെത്തി വാതിൽ തുറന്നപ്പോൾ അകത്തുണ്ടായിരുന്ന കരടി ചാടിവീഴുകയായിരുന്നു. തടയാൻ ശ്രമിച്ച അബ്രഹാമിൻ്റെ കൈകൾക്കാണ്‌ പരിക്കേറ്റത്‌.

ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തുമ്പോളേക്കും കരടി സമീപത്തെ കാപ്പിത്തോട്ടത്തിലേക്ക് കടന്നിരുന്നു. തുടർന്ന് അബ്രഹാമിനെ കൈനാട്ടി ഗവ. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാനകളുടെയും കടുവകളുടെയും ഉപദ്രവങ്ങളോടൊപ്പം വാകേരി മേഖലയിൽ കരടിശല്യവും രൂക്ഷമാകുകയാണ്‌. തേനിനു വേണ്ടിയാണ് കരടികൾ ആളൊഴിഞ്ഞെ കെട്ടിടങ്ങളിലും തേനീച്ചപ്പെട്ടികൾക്കും സമീപമെത്തുന്നത്.
ഒരു മാസം മുമ്പ്‌ വാകേരി കൂടല്ലൂരിലെ പമ്പ് ഹൗസിൻ്റെ അടിത്തറ കരടി മാന്തിപ്പൊളിച്ചിരുന്നു. പാപ്ലശേരി തത്തുപാറ വിജയൻ്റെ 20 തേനീച്ചപ്പെട്ടികൾ കരടി തകർത്തിരുന്നു. ബത്തേരി ചെതലയം പുകലമാളത്ത്‌ ആദിവാസി യുവാവിനെ കരടി ആക്രമിച്ചിരുന്നു. വന്യമൃഗങ്ങളുടെ നിരന്തരമായുള്ള  ആക്രമണത്തിൽ ദുരിതത്തിലാണ്‌ ഇവിടത്തെ ജനങ്ങൾ. കരടിയെ പിടികൂടണമെന്ന്‌ വാകേരി സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ ചേർന്ന ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.
Advertisements