KOYILANDY DIARY

The Perfect News Portal

മരണം മുന്നിലെത്തിയ 72 കാരിക്ക് അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവൻ

മരണം മുന്നിലെത്തിയ 72 കാരിക്ക് അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവൻ. കോഴിക്കോട്: രക്തധമനിയിൽ വിള്ളലും ഹൃദയ വാൾവിന് ചോർച്ചയും വന്ന് മണിക്കൂറുകൾ മാത്രം ജീവിച്ചിരിക്കുമായിരുന്ന കണ്ണൂർ കാഞ്ഞിലേരി നെല്ലിപ്പൊയിൽ സ്വദേശി ജാനുവിനാണ് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചു കിട്ടിയത്. മെഡിക്കൽ കോളേജ് കാർഡിയോ വാസ്കുലാർ ആൻഡ്‌ തൊറാസിക് സർജറി വിഭാഗമാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയക്ക് ശേഷം പൂർണ ആരോഗ്യവതിയായി ജാനു കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞതിനെ തുടർന്ന് ഡിസംബർ ഒമ്പതിനാണ് ജാനുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഉടൻ ബെൻറ്റാൽ പ്രൊസീജർ  വിത്ത് ഹെമിയാർക്ക് റിപ്പയർ എന്ന ശസ്ത്രക്രിയക്കായി ഡോക്ടർമാർ തയ്യാറെടുത്തു. 50 മിനിറ്റ്‌ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടഞ്ഞുനിർത്തി ശരീര ഊഷ്മാവ് 37 ഡിഗ്രിയിൽനിന്ന് 17 ആയി കുറച്ചാണ് ധമനിയും വാൾവും മാറ്റുന്ന മണിക്കൂറിലേറെ നീണ്ടു നിന്ന ശസ്ത്രക്രിയ നടത്തിയത്.
ജീവൻ നഷ്ടപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ പ്രായമായവരിൽ ഈ ശസ്ത്രക്രിയ നടത്താറില്ലന്ന് നേതൃത്വം നൽകിയ വകുപ്പ് മേധാവി ഡോ. എസ്. രാജേഷ് പറഞ്ഞു. പുറമെ 6 ലക്ഷത്തിലധികം ചെലവുവരുന്ന ശസ്ത്രക്രിയ സൗജന്യമായാണ് നടത്തിയത്. ഡോക്ടർമാരായ പ്രജീഷ്,  സജീവ് പോൾ, അതുൽ അബ്രഹാം,  എം. കെ. അജ്മൽ, എ. ആനന്ദ്, പി. കെ. നജീബ്, ബി. കെ. അർജുൻ, കെ. സുവർണ, ജെ. വിനു,  ആർ. റിജേഷ്, സ്റ്റാഫ് നഴ്സുമാരായ ടി. പി. ദിൽഷാദ്, പി. നീരജ, ജിത്തു, വി. രശ്മി, പി. കദീജ, പി. മുബീന എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.
Advertisements