ഇന്ദിര ടീച്ചർ വിരമിക്കുന്നത് അഭിമാനപൂർവം
കൊയിലാണ്ടി: കോതമംഗലം സർക്കാർ എൽ.പി. സ്കൂൾ പ്രധാനാധ്യാപിക ടി.കെ. ഇന്ദിര ഔദ്യോഗിക ജീവിതത്തിൽ നിന്നും മേയ് 31-ന് വിരമിക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ ലോവർ പ്രൈമറി സ്കൂളിൽ നിന്നാണ് ടീച്ചർ വിരമിക്കുന്നത്. വിവിധ ജില്ലകളിലായി നാല് വിദ്യാലയങ്ങളിൽ ജോലി ചെയ്തിതിട്ടുണ്ട്. നാല് വർഷം മുമ്പാണ് ഇവിടെയെത്തുന്നത്. ആ സമയത്ത് സ്കൂളിൽ 332 കുട്ടികളാ ണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം 672- കുട്ടികളായി. ഇത്തവണ എഴുനൂറ്റി അൻപതിലെത്തുമെന്നാണ് പ്രതീക്ഷ. എൽ.എസ്.എസ്. നേടിയ കുട്ടികളുടെ എണ്ണവും പ്രതിവർഷം കൂടിക്കൊണ്ടിരുന്നു. കൊയിലാണ്ടിയിലെ കായികധ്യാപകൻ പരേതനായ കപ്പന ഹരിദാസൻ്റെ ഭാര്യയാണ് ഇവർ.
ഇന്ദിര ടീച്ചറുടെ പ്രവർ്തതന മികവിൽ കഴിഞ്ഞ വർഷം 23 കുട്ടികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. വിവിധ സ്കൂൾ മേളകളിലും വിദ്യാലയം കിരീടമണിഞ്ഞു. സഹാധ്യാപകരേയും രക്ഷിതാക്കളെയും മറ്റ് സഹായ സംവിധാനങ്ങളേയും ഒരുമിപ്പിച്ച് കൊണ്ടു പോകാൻ കഴിഞ്ഞതാണ് വിദ്യാലയ മികവിന് കാരണം. കൊയിലാണ്ടി ഗവ: ഗേൾസ് ഹൈസ്കൂളിൽ സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ ചുമതല വഹിച്ചപ്പോൾ നിരവധി കുട്ടികൾക്ക് രാഷ്ട്രപതി അവാർഡ് ലഭിച്ചതുൾപ്പെടെ ഈ അധ്യാപിക നടത്തിയ ഇടപെടലുകളുടെയും നേട്ടങ്ങളുടെയും പട്ടിക ഏറെയുണ്ട്.
