രക്തദാനത്തിന് മുന്നിട്ടിറങ്ങി ഡിവൈഎഫ്ഐ
തിരുവനന്തപുരം: രക്തദാനത്തിന് മുന്നിട്ടിറങ്ങി ഡിവൈഎഫ്ഐ പ്രവർത്തകർ. കൊറോണ ഭീതിയില്‍ സംസ്ഥാനത്ത് രക്തദാനം കുറഞ്ഞ സാഹചര്യത്തിലാണ് നൂറോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി രക്തം നല്‍കിയത്. ജില്ലാ കമ്മിറ്റിയുടെ ജീവധാര പദ്ധതിയുടെ ഭാഗമായായിരുന്നു രക്തദാനം.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം, സംസ്ഥാന കമ്മിറ്റിയംഗം സുരേഷ്ബാബു, ജില്ലാ പ്രസിഡന്റ് വി. വിനീത്, സെക്രട്ടറി കെ. പി പ്രമോഷ്, ട്രഷറര്‍ വി അനൂപ് എന്നിവര്‍ ആശുപത്രിയിലെത്തി രക്തംനല്‍കി. തുടര്‍ന്നുള്ള 19 ദിവസം ജില്ലയിലെ ഓരോ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രക്തദാനം തുടരും.

സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച ശേഷം രക്തം നല്‍കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിരുക്കുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്തദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രക്തദാനം നടത്തും. എല്ലാ ബ്ലഡ് ബാങ്കുകളിലും ആവശ്യത്തിന് രക്തമുറപ്പാക്കാന് ഡിവൈഎഫ്ഐ സന്നദ്ധമാണെന്നും സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു.

സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐ പുറത്ത് സംഘടിപ്പിച്ചിരുന്ന രക്തദാനക്യാമ്ബുകള് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. സ്കൂളികളില്‍ നിന്നും കോളേജുകളില്‍ നിന്നും കുട്ടികളും രക്തദാനത്തിനായി എത്തിയിരുന്നില്ല. തുടര്‍ന്ന് ബ്ലഡ് ബാങ്കുകളില്‍ രക്തം കുറഞ്ഞു. ശസ്ത്രക്രിയകള്‍ക്കിടയിലും മറ്റും അടിയന്തരസാഹചര്യമുണ്ടായാല്‍ എന്തുചെയ്യുമെന്ന പേടിയിലായിരുന്നു സംസ്ഥാനത്തെ പല ആശുപത്രികളും. പല ശസ്ത്രക്രിയകളും മാറ്റിവയ്ക്കേണ്ട സാഹചര്യവുമുണ്ടായി. തുടര്‍ന്നാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം.

