നാടക ഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡ് വച്ചതിന് 24000 രൂപ പിഴ: സംഭവത്തിൽ മന്ത്രി എ.കെ ബാലന് ഇടപെട്ടു
നാടക സംഘം സഞ്ചരിച്ച വാഹനത്തില്‍ നാടക ഗ്രൂപ്പിന്റെ പേര് പ്രദര്‍ശിപ്പിച്ച ബോര്‍ഡ് വച്ചതിന് 24000 രൂപ പിഴ ഈടാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ.കെ ബാലന് രംഗത്തെത്തി. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണമെന്ന് ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആലുവ നാടക സമിതിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 24000 രൂപ പിഴയിട്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു. വാഹനത്തിലെ ബോര്‍ഡിന് വലുപ്പം കൂടി എന്ന കാരണമാണ് പിഴയിടാനായി പറഞ്ഞതെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലായത്. ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തി. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനത്തിന് മുകളില്‍ നാടക സമിതിയുടെ പേരെഴുതിയ ബോര്‍ഡ് വച്ചതിനാണ് ഉദ്യോഗസ്ഥ കാല്‍ലക്ഷത്തോളം രൂപ പിഴയിട്ടത്. ബ്ലാങ്ങാട് നാടകം കളിക്കാനായി ചെറായിയില്‍ നിന്ന് പോയ ആലുവ അശ്വതി നാടക സമിതിയുടെ വാഹനമാണ് ചേറ്റുവ പാലത്തിന് സമീപത്തുനിന്ന് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. ബോര്‍ഡ് വച്ചിരിക്കുന്നത് നിയമവിരുദ്ധമാണെന്നും വാഹനത്തിലുള്ള ബോര്‍ഡിന്റെ പരസ്യതുക അടച്ചിട്ടില്ലെന്നും കാട്ടിയാണ് പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

