വിമാനാപകടത്തില്‍ മരിച്ച സൈനികന്‍ ഷെറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

അഞ്ചരക്കണ്ടി: വ്യോമസേന വിമാനാപകടത്തില്‍ മരിച്ച അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ 9.30 ന് കുഴിമ്ബാലോട് മെട്ടയിലെ വസതിയില്‍ എത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
വ്യോമസേനയുടെ എഎന്‍-32 വിമാനത്തില്‍ പറക്കവെ ജൂണ്‍ മൂന്നിനാണ‌് ഷെറിനടക്കം 13പേരെ കാണാതായത‌്. ഒരാഴ‌്ചയ‌്ക്ക‌് ശേഷം എല്ലാവരും മരിച്ചതായി ഇന്ത്യന്‍ വ്യോമസേനാ അധികൃതര്‍ അറിയിച്ചത്. രണ്ടുദിവസം മുമ്ബാണ‌് വ്യോമസേന അധികൃതര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെത്തി ഭൗതിക ശരീരം കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കൈമാറിയത‌്.

അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മേടുകയിലേക്ക് പോകവേയായിരുന്നു സൈനിക വിമാനം കാണാതായത്. ദിവസങ്ങള്‍ കഴിഞ്ഞാണ് 12,000 അടി ഉയരത്തില്‍നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം തകര്‍ന്ന് വീണ പ്രദേശത്തേക്ക് ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് ആളുകളെ ഇറക്കിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവെക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇപ്പോഴും തിരച്ചില്‍ പൂര്‍ണമായും നടത്താന്‍ സാധിച്ചില്ലെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.

മുഖ്യമന്ത്രിയോടൊപ്പം മണ്ഡലം പ്രതിനിധി പി ബാലന്‍, സി പി ഐ എം ജില്ല സെക്രട്ടറി എം വി ജയരാജന്‍, അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി കെ ശബരീഷ് കുമാര്‍, പിണറായി ഏരിയ സെക്രട്ടറി കെ ശശിധരന്‍, ലോക്കല്‍ സെക്രട്ടറി കെ സജീവന്‍, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ടി വി സീത, വൈസ് പ്രസിഡന്റ് പി പി സുരേന്ദ്രന്‍ എന്നിവരുമുണ്ടായിരുന്നു. ഷരിന്റെ മാതാപിതാക്കള്‍, സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

