കോഴിക്കോട് പ്രവേശനോത്സവത്തിനിടെ കെഎസ്‍യു പ്രതിഷേധം: തടഞ്ഞ് അധ്യാപകര്‍

കോഴിക്കോട്: കോഴിക്കോട് പ്രവേശനോത്സവ ഉദ്ഘാടനത്തിനിടയില്‍ പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പുനരാലോചിക്കുകയെന്നതടക്കമുള്ള വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ഥലത്തുണ്ടായിരുന്ന അധ്യാപകര്‍ സമരക്കാരെ തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
മന്ത്രി ടിപി രാമകൃഷ്ണന്‍ സംസാരിച്ച് കൊണ്ടിരുന്ന വേദിയിലേക്ക് പത്തോളം കെഎസ്‍യു പ്രവര്‍ത്തകരാണ് കൊടികളുമായി എത്തിയത്. മന്ത്രി അല്‍പ്പ സമയം പ്രസംഗം നിര്‍ത്തി. തുടര്‍ന്ന് പ്രവര്‍ത്തകരെ ഉപദ്രവിക്കരുത് പ്രതിഷേധിച്ച് അവര്‍ തിരിച്ച് പോകുമെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധമുണ്ടാകുമെന്ന് കെഎസ്‍യു നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും സംഘര്‍ഷമുണ്ടായതിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

നീലേശ്വരം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതിക്കൊടുത്ത അധ്യാപകരെ അറസ്റ്റ് ചെയ്യുക, ഡിഡിഇയുടെത് വ്യാജ ഡോക്ടറേറ്റ് ഇതില്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. ജില്ലാ തല പ്രവേശനോത്സവം നടക്കുന്ന നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് പ്രതിഷേധമുണ്ടായത്.

സ്കൂള്‍ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സമരക്കാരോട് പിന്തിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഒരു അധ്യാപികയ്ക്ക് നേരെ കയ്യേറ്റമുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

