അടുത്തവര്‍ഷം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസ്സുകള്‍ ഒരേ ദിവസം ആരംഭിക്കും: മുഖ്യമന്ത്രി

തൃശ്ശൂര്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് 1 മുതല്‍ ബിരുദാനന്തര ബിരുദംവരെയുള്ള ക്ലാസ്സുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശ്ശൂരില്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഒരേ സമയം എല്ലാ ക്ലാസ്സുകളും തുടങ്ങി അക്കാദമിക് രംഗത്ത് നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിയും. കൂടുതല്‍ ആസൂത്രണം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗുണമാകും – അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് തന്നെ മാതൃകയായി സംസ്ഥാനത്തെ യുപി സ്കൂളുകള്‍ ഹൈടെക് ആകാന്‍ പോകുകയാണ്. മാറ്റേതൊരു സ്കൂളിനും ഉള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളിലും പൂര്ണമായിത്തുടങ്ങി. അവിടെ പാഠപുസ്തകത്തില്‍ ഉള്ളത് മാത്രമല്ല കുട്ടികളെ അധ്യാപകള്‍ പഠിപ്പിക്കുക. രാജ്യത്തെക്കുറിച്ചും, സമൂഹത്തെക്കുറിച്ചുമെല്ലാം അറിവ് കുട്ടികള്‍ക്ക് ലഭിക്കുക എന്നത് പ്രധാനമാണ്. അതിനുകൂടി ഉതകുന്ന രീതിയിലായിരിക്കണം പരിശീലനം.

കുറച്ചുനാളുകളായി കുട്ടികള്‍ വെള്ളത്തില്‍ അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കുന്നത് സാധാരണമാകുന്നു.നീന്തല്‍ അറിഞ്ഞാല്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ പലര്‍ക്കും കഴിയും. ഈ വര്‍ഷംതന്നെ നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ്. ഭാവിയില്‍ സ്വയം സുരക്ഷക്കായി കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെടും.

കുട്ടികളെ എല്ലാ കാര്യങ്ങളിലും മേന്മയുള്ളവരാക്കാന് കൂട്ടായ ശ്രമം വേണം. പരിസര ശുചിത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവരെ പ്രാപ്തരാക്കണം. തനിക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലുള്ള അറിവ് വിദ്യാഭ്യാസ കാലത്തുതന്നെ അവര്‍ക്ക് മനസ്സിലാകണം.

ചില കോര്‍പ്പറേറ്റുകള്‍ പൊതുവിദ്യാഭ്യാസ സാമ്ബത്തിക യജ്ഞം പരാജയപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ടായി. സ്കൂളുകള്‍ പിടിച്ചടക്കാനല്ല, അഭിവൃദ്ധിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് എല്ലാവരും ചേര്‍ന്ന് ഏറ്റെടുക്കുകയാണുണ്ടായത്. പൊതുവിദ്യാഭ്യാസത്തോട് മുഖം തിരിച്ച് നില്‍ക്കുന്നത് സമൂഹത്തോട് തിരിഞ്ഞ് നില്ക്കുന്നതുപോലെയാണ്. ഓരോ സ്കൂളിനും അതിന്റേതായ രീതിയില്‍ അഭിവൃദ്ധിപ്പെടാന്‍ കഴിയണം. ഇത്തവണ നാടിനാകെ പൊതുവായൊരു ബോധം വന്നു. പൊതുവിദ്യാലയങ്ങളിലേക്കാണ് കുട്ടികള്‍ വരേണ്ടത് എന്ന ചിന്ത വന്നു. അതാണ് ഉണ്ടായ മാറ്റം – മുഖ്യമന്ത്രി പറഞ്ഞു.
