പോലീസുകാരന്റെ മരണം: നാട്ടുകാര്‍ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തി

കോഴിക്കോട്: സിവില്‍ പോലീസ് ഓഫീസര്‍ ഷാജിയുടെ മരണത്തിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.
രണ്ടുമണിക്കൂര്‍കൊണ്ടാണ് ഷാജിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തില്‍ മേലുദ്യോഗസ്ഥന്‍ ഒപ്പുവെച്ചത്. സംഭവത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് ആക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ നിജേഷ് അരവിന്ദ് പറഞ്ഞു.
15ദിവസം കഴിഞ്ഞിട്ടും ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നും വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വംനല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കാളികളായത്.
