കോണ്‍ഗ്രസിന്റെ 1000 വീട് പദ്ധതി പരാജയം, 50 വീടുപോലും നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപണം

തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി കെപിസിസി ആവിഷ്‌കരിച്ച 1000 വീട് പദ്ധതി പരാജമായിരുന്നു എന്ന് ആരോപണം. പദ്ധതിക്കായി കെപിസിസി പണം സമാഹരിച്ചിരുന്നുവെങ്കിലും മിക്ക സ്ഥലങ്ങളിലും ഇതുവരെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടില്ലെന്ന ആരോപണമാണ് ഉയര്‍ന്നുവരുന്നത്. ഒരു മണ്ഡലം കമ്മിറ്റി അഞ്ച് ലക്ഷം രൂപ മുടക്കി ഒരു വീടു വീതം നിര്‍മിച്ചും നല്‍കും എന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ 2018 ആഗസ്തില്‍ പ്രഖ്യാപനം നടത്തിയത്. പദ്ധതി നടപ്പിലാക്കുന്നതിനായി പണസമാഹരം നടത്തിയെങ്കിലും ഇതില്‍ 50 വീടുപോലും ഇതുവരെ നിര്‍മ്മിച്ച് നല്‍കിയതിന് രേഖകളില്ല.
1000 വീട് പദ്ധതി പ്രകാരം കണ്ണൂരില്‍ രണ്ട് വീട് നിര്‍മിച്ചു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ രണ്ട് വീടുകളും നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തല 20 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും എന്നായിരുന്നു വാഗ്ദാനം നല്‍കിയത്. എന്നാല്‍ അതും പാലിച്ചില്ല. പ്രളയം കൂടുതല്‍ ദുരിതം വിതച്ച ഇടുക്കിയിലെയും അവസ്ഥ സമാനമാണ്.

തൃശൂരില്‍ 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായിരുന്നു ഡിസിസിയുടെ തീരുമാനം. എന്നാല്‍ ഒരു വീടുമാത്രമാണ് ഇതുവരെ നിര്‍മ്മിച്ചു നല്‍കിയത്. പത്തനംതിട്ടയില്‍ 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും എന്ന് പറഞ്ഞിരുന്നുവെങ്കിലും ഇവിടെയും ഒരു വീടുമാത്രമാണ് നിര്‍മ്മിച്ചു നല്‍കിയത്. കോട്ടയത്ത് 80 ഓളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും മൂന്നു വീടുകളുടെ നിര്‍മാണം മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.

