എത്രയൊക്കെ വര്‍ഗീയത കളിച്ചാലും കേരളത്തിലൊരിടത്തും ബിജെപിയ‌്ക്ക‌് മുന്നിലെത്താനാവില്ല: മുഖ്യമന്ത്രി

കോഴിക്കോട‌്: കഴിഞ്ഞ തവണ കിട്ടിയ വോട്ട‌് ഇത്തവണയും നേടിയെടുക്കാനുള്ള ആര്‍ജ്ജവം ബിജെപിയ‌്‌ക്കുണ്ടോയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത‌് പലയിടത്തും വോട്ട‌് വില്‍പ്പനയ‌്ക്ക‌് കരാര്‍ ഉണ്ടാക്കിയിട്ടുണ്ട‌്. ചിലരില്‍ നിന്ന‌് ഇതിനുള്ള ഉറപ്പും വാങ്ങിയിട്ടുണ്ട‌്. കടലുണ്ടി, ചേളന്നൂര്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫ‌് തെരഞ്ഞെടുപ്പ‌് റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എത്രയൊക്കെ വര്‍ഗീയത കളിച്ചാലും കേരളത്തിലൊരിടത്തും ബിജെപിയ‌്ക്ക‌് മുന്നിലെത്താനാവില്ല. എത്ര കാലമായി ഇവര്‍ വോട്ട‌് വില്‍പ്പന തുടങ്ങിയിട്ട‌്. ഒരു പാര്‍ട്ടിയുടെ വോട്ട‌് ഇങ്ങനെ വില്‍പ്പന ചരക്കാക്കാമോ. വോട്ട‌് വില്‍പ്പനയ‌്ക്ക‌് പല മണ്ഡലങ്ങളിലും കരാറായി കഴിഞ്ഞു. ബിജെപിയുടെ എത്ര സ്ഥാനാര്‍ഥികള്‍ക്ക‌് സ്വന്തം വോട്ട‌് കിട്ടുമെന്ന‌് പറയാനാകും. സ്ഥാനാര്‍ഥിയായ ഒരു മുന്‍ നേതാവ‌് വല്ലാത്ത ഗതികേടിലാണിപ്പോള്‍. വോട്ട‌് കരാറിന്റെ ഭാഗമായി അനുയായികള്‍ എല്ലാം മറുപക്ഷത്താണ‌്. ആരാണ‌് ആ കരാറിന‌് പിന്നില്‍. അതിന‌് തടയിടാന്‍ അവര്‍ക്ക‌് ആര്‍ക്കെങ്കിലും ആകുമോ. കര്‍ണാടകയില്‍ 40 ലക്ഷം രൂപ കൊടുത്താണ‌് കോണ്‍ഗ്രസ‌് എംഎല്‍എമാരെ ബിജെപി വാങ്ങുന്നത‌്. രാഷ‌്ട്രീയത്തില്‍ പാലിക്കേണ്ട ഒന്നും തങ്ങള്‍ക്ക‌് ബാധകമല്ലെന്ന രീതിയിലാണ‌് നീക്കം. ബിജെപിയുടെ ഈ നിലപാടിന്റെ ഭാഗമാണ‌് കേരളത്തില്‍ അവരുടെ വോട്ടുകള്‍ ബാഷ‌്പീകരിക്കുന്നത‌്.

മോദിക്കും അമിത‌് ഷായ‌്ക്കും പല താല്‍പര്യങ്ങളും ഉണ്ടാവും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്ത‌് അക്രമം നടത്തിയാലും അവര്‍ സംരക്ഷിക്കും. ഇവിടെ അത‌് പ്രതീക്ഷിക്കരുത‌്. ഇത‌് നാട‌് വേറെയാണ‌്. അക്രമം കാണിച്ചാല്‍ അഴിയെണ്ണും. എല്ലാവര്‍ക്കും ഇത‌് ബാധകമാണ‌്. തെരഞ്ഞെടുപ്പിന‌് മുമ്ബേ ശബരിമലയില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ‌് കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥി ജയിലിലായത‌്. ഏതറ്റം വരെയും പോകുമെന്നാണ‌് അമിത‌് ഷാ പറയുന്നത‌്. ഏതാണാ അറ്റം, എന്താണതിന്റെ അര്‍ഥം?. ശബരിമലയില്‍ നിയമവാഴ‌്ചയ‌്ക്ക‌് വേണ്ട നടപടി കര്‍ശനമായി എടുക്കാന്‍ കേന്ദ്ര സര്‍ക്കാരാണ‌് ആവശ്യപ്പെട്ടതെന്ന‌് മോഡിയും അമിത‌് ഷായും ഓര്‍ക്കണം. നിയമ വാഴ‌്ചയുള്ള രാജ്യമാണിത‌്. സംസ്ഥാനത്തിനും കേന്ദ്രത്തിനും അത‌് നടപ്പാക്കാനേ പറ്റൂ. അത‌് തകര്‍ക്കാനാണ‌് ഇവരുടെ ശ്രമം. അത്തരക്കാര്‍ വെള്ളം കുടിച്ചിട്ടുണ്ട‌്. അത‌് നിങ്ങള്‍ക്കും ബാധകമാകും. – മുഖ്യമന്ത്രി വ്യക്തമാക്കി

