KOYILANDY DIARY

The Perfect News Portal

പാകിസ്ഥാന് വന്‍ തിരിച്ചടി; പാക് പൗരന്‍മാരുടെ വിസാ കാലാവധി അമേരിക്ക വെട്ടിക്കുറച്ചു

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി വെട്ടിക്കുറച്ച്‌ അമേരിക്ക. അഞ്ച് വ‍ര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായാണ് പാക് പൗരന്‍മാരുടെ വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചത്. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പാകിസ്ഥാന് വന്‍ തിരിച്ചടിയാണ് ഈ നീക്കം.

പാക് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസാ കാലാവധിയും അമേരിക്ക വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസം മാത്രമേ ഇനി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ അനുവദിക്കൂ. അതിന് ശേഷം വീണ്ടും വിസ പുതുക്കണം.

വിസാ അപേക്ഷകള്‍ക്കുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. I വിസ (ജേണലിസ്റ്റ് & മീഡിയ വിസ), H വിസ (താല്‍ക്കാലിക വര്‍ക്ക് വിസ), L വിസ (ഇന്റര്‍കമ്ബനി വര്‍ക്ക് വിസ), R വിസ (മതപ്രചാരകര്‍ക്കുള്ള വിസ) എന്നിവയ്ക്കാണ് വിസ അപേക്ഷാ ഫീസ് കൂട്ടിയത്. കൂട്ടിയ ഫീസ്, വിസ അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ മാത്രം അടച്ചാല്‍ മതി.

Advertisements

അതേസമയം, ജനുവരി 21 വരെ നല്‍കിയ വിസാ അപേക്ഷകളില്‍ അംഗീകരിക്കപ്പെട്ടവരെല്ലാം, അധികഫീസ് അടയ്ക്കേണ്ടി വരും. I വിസയ്ക്ക് 32 ഡോളറും, മറ്റ് വിസകള്‍ക്ക് 38 ഡോളറുമാണ് അടയ്ക്കേണ്ടത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിസാ അപേക്ഷാത്തുക 192 ഡോളറായി ഉയര്‍ന്നു. മറ്റെല്ലാ വിസാ വിഭാഗങ്ങള്‍ക്കും 198 ഡോളര്‍ വീതം വിസാ അപേക്ഷയ്ക്ക് നല്‍കണം.

അമേരിക്കന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി നേരത്തേ പാകിസ്ഥാന്‍ വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാക് വിസകള്‍ക്കും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചത്. എന്നാല്‍ B1, B2 വിസകളുടെ കാര്യത്തില്‍ ഒന്നും യുഎസ് എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ല. ഇത് അഞ്ച് വര്‍ഷമായി തുടരുമോ എന്ന കാര്യം വ്യക്തമല്ല. ബിസിനസ് സന്ദര്‍ശനങ്ങള്‍ക്കുള്ളതാണ് B1 വിസ. ടൂറിസ്റ്റ്, മെഡിക്കല്‍ സന്ദര്‍ശനങ്ങള്‍ക്കുള്ളതാണ് B2 വിസ.

Leave a Reply

Your email address will not be published. Required fields are marked *