കീടനാശിനി തളിക്കുന്നതിനിടെ മരണം; സംസ്ഥാനത്തെ എല്ലാ വളം ഡിപ്പോകളിലും പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വളം കീടനാശിനി ഡിപ്പോകളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. കീടനാശിനി ഉപയോഗിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. അതേസമയം തിരുവല്ല ഇലഞ്ഞിമൂട്ടിലെ വളം ഡിപ്പോ പൂട്ടി.
തിരുവല്ല പെരിങ്ങര ഇരികര പാടശേഖരത്ത് നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേരാണ് മരിച്ചത്. വേങ്ങല്‍ കഴുപ്പില്‍ കോളനിയില്‍ സനല്‍ കുമാര്‍, മത്തായി ഇശോ എന്നിവരാണ് മരിച്ചത്. സനല്‍ കുമാറിനൊപ്പം കീടനാശിനി തളിക്കാനുണ്ടായിരുന്ന മൂന്നു പേര് ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ബുധനാഴ്ച്ച വൈകീട്ടാണ് ഇവര്‍ പാടശേഖരത്ത് മരുന്ന് തളിച്ചത്. മരുന്ന് തളിക്കുന്നത് കാണാന്‍ എത്തിയതായിരുന്നു മത്തായി ഈശോ. കൃഷി വകുപ്പിന്റെ അംഗീകാരമുള്ള സ്ഥിരമായി ഉപയോഗിക്കാറുള്ള കീടനാശിനിയാണ് തളിച്ചത്. എന്നാല്‍ 20 മില്ലി ലിറ്റര്‍ ഉപയോഗിക്കേണ്ട കീടനാശിനി 50 മില്ലി ലിറ്റര്‍ ഉപയോഗിച്ചതാണ് മരണ കാരണം.

ക്രിഷി ഓഫീസറുടെ കുറിപ്പില്ലാതെയാണ് കര്‍ഷകത്തൊഴിലാളികള്‍ ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കിടനാശിനി വാങ്ങിയതെന്നാണ് വിവരം. നാല് മണിക്കൂര്‍ മാത്രമേ കീടനാശിനി തളിക്കുന്നവര്‍ പാടത്ത് നില്ക്കാവു എന്നായിരുന്നു കൃഷി ഓഫീസര്‍മാരുടെ നിര്‍ദ്ദേശം. ഇതില്‍ കൂടുതല്‍ സമയം ഇവര്‍ പാടശേഖത്തില്‍ തങ്ങിയതും ദേഹാസ്വാസ്ഥ്യത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.

