KOYILANDY DIARY.COM

The Perfect News Portal

രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികളുടെ പ്രചരണത്തില്‍ പുത്തന്‍ ആവേശം

സിക്കര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥികളുടെ പ്രചരണത്തില്‍ പുത്തന്‍ ആവേശം. കര്‍ഷകരും യുവജനങ്ങളും വിദ്യാര്‍ഥികളുമടക്കം വലിയ ജനപ്രവാഹമാണ്‌ സിപിഐ എം തെരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികളില്‍ ദൃശ്യമാകുന്നത്‌. ഇക്കുറി ശക്തമായ പ്രകടനം വെക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ സിപിഐ എം നേതൃത്വം നല്‍കുന്ന മുന്നണിയായ ലോക്‌താന്ത്രിക്‌ മോര്‍ച്ച.

ജലലഭ്യതയാണ്‌ ഗ്രാമീണ മേഖലകളിലെ മുഖ്യ തെരഞ്ഞെടുപ്പ്‌ വിഷയം. കാലാവസ്ഥാ വ്യതിയാനത്തിന്‌ ആക്കം കൂട്ടുന്ന സര്‍ക്കാരുകളുടെ നയങ്ങളും വന്‍കിടക്കാര്‍ ഭൂഗര്‍ഭജലം അമിതമായി ചൂഷണം ചെയ്യുന്നതുമെല്ലാം ജലദൗര്‍ലഭ്യത്തിനു കാരണങ്ങളാണ്‌. കൃഷിക്കും കുടിക്കാനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വെള്ളം ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്‌.തെരഞ്ഞെടുപ്പിന്‌ മുന്‍പും ഈ വിഷയം ഏറ്റെടുത്ത്‌ നിരവധി പ്രക്ഷോഭങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തിട്ടുള്ള സിപിഐ എം തെരഞ്ഞെടുപ്പ്‌ പ്രചരണപരിപാടികളിലൂടെ വെള്ളമെത്തിക്കുമെന്ന്‌ ജനങ്ങള്‍ക്ക്‌ ഉറപ്പ്‌ നല്‍കുന്നു. കാര്‍ഷിക കടാശ്വാസം, കര്‍ഷകരുടെ മറ്റ്‌ പ്രശ്‌നങ്ങള്‍, വൈദ്യുതി നിരക്കും ലഭ്യതയും, തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളും സിപിഐ എം പ്രചരണ പരിപാടികളില്‍ സജീവ ചര്‍ച്ചാവിഷയമാണ്‌.

ലോക്‌താന്ത്രിക്‌ മോര്‍ച്ച മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി അംറാറാമിനെയാണ്‌. ദന്താറാംഗഢില്‍ മത്സരിക്കുന്ന അംറാറാമിന്റെ തെരഞ്ഞെടുപ്പ്‌ റാലികളില്‍ കര്‍ഷകരും യുവജനങ്ങളും സ്ത്രീകളും ഒഴുകിയെത്തുന്നു. വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്ക‌് എതിരായ രോഷമാണ്‌ റാലികളില്‍ അലയടിക്കുന്നത്‌.

Advertisements

ബിജെപി സര്‍ക്കാര്‍ ഒരു വാഗ‌്ദാന ലംഘനങ്ങള്‍ എണ്ണിപ്പറഞ്ഞാണ്‌ അംറാറാമിന്റെ പ്രചരണം. കര്‍ഷകരും തൊഴിലാളികളും ചെറുപ്പക്കാരും ഉള്‍പ്പെടെയുള്ളവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുന്നതില്‍ കോണ്‍ഗ്രസും പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍, ജനവികാരം തിരിച്ചറിഞ്ഞുള്ള ഭരണമെന്ന വാഗ‌്ദാനമാണ‌് ആര്‍എല്‍എം നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.

സംവരണ മണ്ഡലമായ ധോദിലെ സിപിഐ എം സ്ഥാനാര്‍ഥി പേമാറാമിനും വലിയ ജനപിന്തുണയാണ്‌ ലഭിക്കുന്നത്‌. സിപിഐ എമ്മിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ്‌ ധോദ്‌. കഴിഞ്ഞദിവസം രായ്സിംഗ് നഗര്‍ നിയോജക മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥി ശ്യോപത് ലാല്‍ മേധ്‌വാളിന്റെ തെരഞ്ഞെടുപ്പ് പ്രചരണറാലിയിലും പൊതുയോഗത്തിലും തടിച്ചുകൂടിയത് ആയിരങ്ങളാണ്. കര്‍ഷകരുടെ പ്രശ്നങ്ങളേറ്റെടുത്ത് നടത്തിയ സമരങ്ങളുടെയും കോളേജുകളിലെ എസ്‌എഫ്‌ഐയുടെ മുന്നേറ്റത്തിന്റെയും പശ്‌ചാത്തലത്തില്‍ ഇടതുപക്ഷത്തിന്‌ തെരഞ്ഞെടുപ്പ്‌ സാധ്യതകള്‍ വര്‍ധിച്ചിരിക്കുന്നതായാണ്‌ വിലയിരുത്തല്‍. ധോദ്‌, ദന്താറാംഗഢ് എന്നിവയ്ക്ക് പുറമേ സിക്കര്‍, ഖണ്ഡേല, ഫത്തേപുര്‍, ലക്ഷ്മണ്‍ഗഢ് എന്നിവിടങ്ങളിലും സിപിഐ എം ശക്തമായ മത്സരം കാഴ്ച്ച വയ്ക്കുന്നു.

രാജസ്ഥാനില്‍ സിപിഐ എം ഉള്‍പ്പെടെ ഏഴ‌് പാര്‍ടികളുടെ മുന്നണിയായ രാജസ്ഥാന്‍ ലോക‌്താന്ത്രിക‌്മോര്‍ച്ച (ആര്‍എല്‍എം ) ബിജെപിക്കും കോണ്‍ഗ്രസിനും കടുത്ത വെല്ലുവിളിയാണ‌് ഉയര്‍ത്തുന്നത്‌. ആകെയുള്ള 200 സീറ്റിലും ആര്‍എല്‍എമ്മിന്റെ ശക്തരായ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട‌്. ലോക‌് താന്ത്രിക‌് മോര്‍ച്ചയില്‍ അംഗങ്ങളായ സിപിഐ എം, സിപിഐ, സിപിഐ എംഎല്‍, സമാജ‌്‌വാദി പാര്‍ടി, രാഷ്ട്രീയ ലോക‌്ദള്‍, ജനതാദള്‍ (സെക്കുലര്‍), എംസിപിഐ (യുണൈറ്റഡ‌്) പാര്‍ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക‌് മികച്ച വരവേല്‍പ്പാണ‌്. അഖിലേന്ത്യാകിസാന്‍സഭ ഉള്‍പ്പെടെയുള്ള കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരജയങ്ങളുടെ തേരിലേറിയാണ‌് രാജസ്ഥാന്‍ ലോക‌്താന്ത്രിക‌്മോര്‍ച്ചയുടെ പ്രചാരണം. സിക്കറിലും സമീപ ജില്ലകളിലും സിപിഐ എമ്മിന‌് ശക്തമായ സ്വാധീനമുണ്ട‌്. 2008ല്‍ സിപിഐ എം മൂന്ന‌് സീറ്റുകള്‍ ജയിച്ചിരുന്നു.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ‌്ബ്യൂറോ അംഗങ്ങളായ മുഹമ്മദ‌് സലീം, സുഭാഷിണി അലി എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലികളിലും പൊതുയോഗങ്ങളിലും പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *