മൂന്നര പവൻ സ്വർണ്ണമാല കവർന്ന സംഭവം: രണ്ട് ഇതര സംസ്ഥാന സ്ത്രീകൾ അറസ്റ്റിൽ

കൊയിലാണ്ടി: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മൂന്നര പവനോളം വരുന്ന സ്വർണ്ണ ചെയിൻ കവർന്ന സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന സ്ത്രീകളെ പോലീസ് പിടികൂടി. മധുര അയ്യർ ബംഗ്ലപിള്ളയാരപ്പൻകോവിൽ മീന, മാലതി എന്നീ സ്ത്രീകളെയാണ് പിടികൂടിയത്.
കൊയിലാണ്ടിയിൽ നിന്നും നടുവണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സിൽ യാത്ര ചെയ്യവെ നടുവത്തൂർ ഓണോത്ത് കണ്ടി ജാനുവിന്റെ കഴുത്തിൽ നിന്നാണ് സ്വർണ്ണ ചെയിൻ മോഷ്ടിച്ചത്. മുത്താമ്പിയിൽ നിന്നും നടുവണ്ണൂരിലേക്ക് കയറിയതായിരുന്നു ഇവർ. ഇക്കഴിഞ്ഞ 12-ാം തിയ്യതി വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ബസ്സിലും, ബസ് സ്റ്റാന്റ് പരിസരത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. എസ്.ഐ.ഫസലുൽ ആബിദ്, എ.എസ്.ഐ.പി.രമേശൻ, വനിത സിവിൽ പോലീസ് ഓഫീസർ, രചന, ഒ.കെ.സുരേഷ് തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്.

