യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്

തൃശ്ശൂര്‍: ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും വഴിവിട്ട് അനുമതി നല്കിയ എക്സൈസ് മന്ത്രിയെ പുറത്താക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക, ആരാധനാലയങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. 20 പ്രവര്‍ത്തകര്‍ക്കും വീക്ഷണം ഫോട്ടോഗ്രാഫര്‍ സാഞ്ച്ലാലിനും പരുക്കേറ്റു.
ഡി.സി.സി. ഓഫീസില്‍ നിന്നു വൈകീട്ടു നാലോടെ തുടങ്ങിയ മാര്‍ച്ച് സ്വരാജ്റൗണ്ടിലെത്തിയതോടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. വന്‍പോലീസ് സംഘം നൂറ്റമ്ബതോളം വരുന്ന പ്രകടനക്കാരെ അനുഗമിച്ചു. ജോസ് തീയറ്ററിനു സമീപം വൈകീട്ട് നാലേമുക്കാലോടെ റോഡു തടഞ്ഞ ഇവരെ അറസ്റ്റുചെയ്തു നീക്കുന്നതിനിടെ വെസ്റ്റ് സി.ഐ.മാത്യുവിനു നേരെ ചിലര്‍ കൊടിക്കാല് വലിച്ചെറിഞ്ഞു. ഇതോടെ പോലീസ് ലാത്തിചാര്‍ജു തുടങ്ങി. ഒന്നരമണിക്കൂറോളം വന്‍ സംഘര്‍ഷാവസ്ഥയായി. വൈകിട്ട് ആറോടെയാണ് സ്ഥിതിഗതികള്‍ സാധാരണനിലയിലായത്.

ലാത്തിചാര്‍ജില്‍ കെ.എസ്.യു. ജില്ലാവൈസ്പ്രസിഡന്റ് നിഖില്‍ ജോണിനു കടുത്ത മര്‍ദനമേറ്റു. നിഖിലിനെ പോലീസുകാര്‍ വളഞ്ഞിട്ടു തല്ലി. ഷര്‍ട്ടും മുണ്ടും കീറി. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ജെലിന് ജോണ്‍, കെ.എസ്.യു.നേതാക്കളായ ശ്രീലാല്‍ ശ്രീധര്‍, അനീഷ് ആന്റണി, യദുകൃഷ്ണന്, രതീഷ് എന്നിവര്‍ക്കും നല്ല അടി കിട്ടി. പോലീസ് ലാത്തിയടിയുടെ പടമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീക്ഷണം ഫോട്ടോഗ്രാഫര്‍ സാഞ്ച്ലാലിനു മുഖത്തു പരുക്കേറ്റു. 12 പേരെ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എട്ടുപേരെ ജില്ലാ ആശുപത്രിയിലാക്കി. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി നേതാക്കള്‍ പറഞ്ഞു. എ.സി.പി. വി.കെ.രാജു, സി.ഐ.മാരായ കെ.സി.സേതു, എന്‍.കെ.ബെന്നി, രാജു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍പോലീസ് സംഘം ക്യാമ്ബു ചെയ്തിരുന്നു. കൃത്യനിര്‍വഹണത്തിനിടെ ഫോട്ടോഗ്രര്‍മാറെ മര്‍ദിച്ചതില്‍ കേരള പത്രപ്രവര്ത്തകയൂണിയന് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.

