ടൈഫൂണ്‍ ആഞ്ഞടിച്ചതിനെതുടര്‍ന്ന് ജപ്പാനില്‍ വന്‍നാശം

ടോക്യോ: ഇരുപത്തഞ്ചുവര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ കൊടുങ്കാറ്റായ ടൈഫൂണ്‍ ആഞ്ഞടിച്ചതിനെതുടര്‍ന്ന് ജപ്പാനില്‍ വന്‍നാശം. കൊടുങ്കാറ്റിലും പേമാരിയിലും ഇതുവരെ ആറുപേര്‍ മരിച്ചു. ജാഗ്രതാനിര്‍ദേശത്തെതുടര്‍ന്ന് പത്തുലക്ഷത്തോളംപേരെ മാറ്റിപ്പാര്‍പ്പിച്ചു. ജെബി എന്ന പേരിലറിയപ്പെടുന്ന കൊടുങ്കാറ്റ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും കാരണമായി. കന്‍സായി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കിയാക്കോ റെയില്‍വേ സ്റ്റേഷനിലെ മേല്‍ക്കൂര നിലംപൊത്തി.
ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അപകടമേഖലകളില്‍നിന്ന് മാറണമെന്നും പ്രധാനമന്ത്രി ഷിന്‍സോ ആബെ നിര്‍ദേശിച്ചു. മണിക്കൂറിന് 162 വേഗത്തിലാണ് ജെബി ആഞ്ഞടിച്ചത്. പശ്ചിമ ജപ്പാനിലെ മൂന്നുലക്ഷത്തിലധികം ആളുകളോടും തീരദേശനഗരമായ കോബില്‍നിന്ന് 2,80,000 പേരോടും ഉടന്‍ വീടുകളില്‍നിന്ന് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാറ്റിപ്പാര്‍പ്പിക്കാന്‍ 1500ലധികം കേന്ദ്രങ്ങളും സജ്ജമാക്കി 600 വിമാനങ്ങള്‍ റദ്ദാക്കി. ജെബി ശക്തിപ്രാപിക്കുന്നതോടെ തിരമാലകള്‍ ആഞ്ഞടിച്ച് കരയിലേക്ക് കയറുകയും ടോക്യോയുടെ 212 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഭാഗം വെള്ളത്തിനടിയിലാകുകയും ചെയ്യുമെന്ന് അടുത്തിടെ പ്രാദേശിക ഭരണകൂടം നടത്തിയ സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു.

