മഹാപ്രളയത്തെ സമചിത്തതയോടെ നേരിടുന്നതിന് നേതൃത്വം നല്കിയ മുഖ്യമന്ത്രിക്ക് കേരളത്തിലും പുറത്തും അഭിനന്ദന പ്രവാഹം

തിരുവനന്തപുരം: കേരളത്തിലെ മഹാപ്രളയത്തെ സമചിത്തതയോടെ നേരിടുന്നതിന് നേതൃത്വം നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയിലും രാഷ്ട്രീയതലത്തിലും കൂടുതല്‍ ശക്തനാകുന്നു. ദേശീയതലത്തില്‍ത്തന്നെ കേരളത്തിലെ പ്രളയവും കേരളത്തിനുണ്ടായ നഷ്ടത്തിന്റെ നാലിലൊന്നു മാത്രം കേന്ദ്രം അടിയന്തര സഹായമായി പ്രഖ്യാപിച്ചതും ചര്‍ച്ചയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുന്ന സഹായവും പ്രതിസന്ധിഘട്ടത്തില്‍ കേരളജനത ഒന്നാകെ മുഖ്യമന്ത്രിക്കു പിന്നില്‍ അണിനിരന്നതും ശ്രദ്ധിക്കപ്പെട്ടു. പ്രതിപക്ഷത്തു നിന്നും ചില മാധ്യമങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിലെ ‘വീഴ്ച’യേക്കുറിച്ച് നിരന്തരം വാര്‍ത്തകള്‍ വന്നിട്ടും പ്രകോപിതനാകാതെ രക്ഷാ പ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തെ പാര്‍ട്ടിയും മറ്റ് രാഷ്ട്രീയ നേതാക്കളും വര്‍ധിച്ച ആദരവോടെയാണ് കാണുന്നത്. മാധ്യമങ്ങളെ കാണാത്ത മുഖ്യമന്ത്രി എന്ന വിമര്‍ശനവും പ്രതിസന്ധിഘട്ടത്തില്‍ നേരേ വിപരീത അനുഭവമായി മാറി. മുഖ്യമന്ത്രി എല്ലാ ദിവസവും മാധ്യമങ്ങളെ കാണുകയും സ്ഥിതി വിശദീകരിക്കുകയും സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

ഇതോടെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ വിശദീകരണം അതേവിധം സമൂഹമാധ്യമങ്ങളില്‍ വന്നുതുടങ്ങി. മാത്രമല്ല മുമ്ബത്തേതില്‍ നിന്നു വ്യത്യസ്ഥമായി മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം ഫേസ്ബുക്കിലൂടെ തല്‍സമയം സംപ്രേഷണം ചെയ്തത് ലോകമെമ്ബാടുമുള്ള മലയാളികള്‍ക്ക് ആശ്വാസമായി.

ബന്ധുക്കളേക്കുറിച്ചും മറ്റും വിവരങ്ങള്‍ അറിയാനും സ്ഥിതിഗതികള്‍ മനസ്സിലാക്കാനും ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്കാണ് ഇത് ഏറെ ഗുണം ചെയ്തത്. ഈ മുഖ്യമന്ത്രിക്ക് ഞങ്ങള്‍ പിന്തുണ നല്കുന്നു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ക്യാംപെയ്നില്‍ സിപിഎം അനുഭാവികള്‍ അല്ലാത്തവരും സാധാരണഗതിയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നവരും ഉണ്ട് എന്നതും ശ്രദ്ധേയമായി.

പ്രതിപക്ഷ വിമര്‍ശനങ്ങളെയും പ്രധാനമന്ത്രി കേരളത്തോട് സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തെയും പൊതുവേ അതിരൂക്ഷമായി വിമര്‍ശിക്കാറുള്ള പിണറായിയുടെ സമീപനത്തിനു വിരുദ്ധമായിരുന്നു ഈ ദിവസങ്ങളിലെ പ്രതികരണങ്ങള്‍. കേന്ദ്രം തന്നുകൊണ്ടിരിക്കുന്ന സഹായത്തെ അദ്ദേഹം അഭിനന്ദിക്കുകയും അതിന് നന്ദി പറയുകയുമാണ് ചെയ്തത്. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി നേരിട്ട് മറുപടി പറഞ്ഞതേയില്ല.
കേരളത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടായേക്കാം എന്ന പ്രചാരണത്തിനു മുഖ്യമന്ത്രി നല്കിയ മറുപടി ‘കേരളത്തിലൊരിക്കലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. ഓണം ആഘോഷിക്കാനിരുന്ന നാടാണ് എന്നായിരുന്നു. ആ വാചകത്തിനൊപ്പം മുഖ്യമന്ത്രിയുടെ ചിത്രവും ചേര്‍ത്ത് വന്‍തോതിലാണ് പ്രചരിപ്പിക്കപ്പെടുന്നത്.
