ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു, കൂടുതല്‍ ജലം തുറന്ന് വിടുമെന്ന് മന്ത്രി
        തൊടുപുഴ: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് തുറന്നു. ഡാമിന്റെ രണ്ടും നാലും ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. ഒപ്പം ഇന്നലെ ഉയര്‍ത്തിയ മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററില്‍ നിന്ന് 40 സെന്റീമാറ്ററായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ മൂന്ന് ഷട്ടറുകളിലൂടെ ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 1.20 ലക്ഷം ലിറ്ററാണ്.
അതേസമയം, രണ്ട് ഷട്ടറുകള്‍കൂടി ഉയര്‍ത്തി ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവില്‍ വര്‍ധന വരുത്തിയെങ്കിലും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 2,401.22 അടിയാണ് ഡാമിലെ ജലനിരപ്പ്. 2,403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. സെക്കന്റില്‍ 0.10 അടി എന്ന നിലയിലാണ് ഡാമില്‍ വെള്ളം നിറയുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതിമന്ത്രി എംഎം മണി പറഞ്ഞു. ജാഗ്രത വേണമെന്നും എന്നാല്‍ ആശങ്കയുടെ യാതൊരു ആവശ്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ വെള്ളം തുറന്ന് വിടാനുള്ള തീരുമാനം ഉള്ളതിനാല്‍ ചെറുതോണിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പെരിയാറിന്റെ ഇരുതീരങ്ങളിലും നൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ വരും മണിക്കൂറുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. നാല് മണിക്കൂര്‍ ട്രയല്‍ റണ്‍ എന്ന നിലയിലായിരുന്നു ഷട്ടര്‍ ഉയര്‍ത്തിയത്. എന്നാല്‍ കനത്ത മഴതുടരുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ കുറവ് ഉണ്ടായില്ല. മാത്രവുമല്ല ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ ഷട്ടര്‍ അടയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. ഒപ്പം ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി തുറക്കാനും തീരുമാനിച്ചു. രാവിലെ ഏഴ് മണിക്കാണ് രണ്ട് ഷട്ടറുകള്‍ തുറന്നത്.

ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഡാമിന്റെ പരമാവധി ശേഷിയിലേക്ക് ജലനിരപ്പ് വളരെ പെട്ടെന്ന് ഉയരുന്നത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.


                        
