ശുചിത്വവും ആരോഗ്യ പരിരക്ഷയും അനിവാര്യം: മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍

കോഴിക്കോട്: സമ്പത്തിനും സൗകര്യങ്ങള്‍ക്കുമപ്പുറം ശുചിത്വവും ആരോഗ്യ പരിരക്ഷയുമാണ് അനിവാര്യമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനം നല്‍കാനാണ് സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലൂടെ എല്ലാ ചികിത്സാ സൗകര്യവും ഒരുക്കിയിരിക്കുന്നത്. ഈ സൗകര്യങ്ങള്‍ ഓരോ വ്യക്തിയും ഉപയോഗപ്പെടുത്തണമെന്നും മേയര്‍ പറഞ്ഞു. ബേപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കെട്ടിട ഉദ്ഘാടനവും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഇ-ഹെല്‍ത്ത് പദ്ധതിയുടെ മേഖലാ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേഷന്‍ 2017-18 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ചെലവിലാണ് ആരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച പ്രവൃത്തികള്‍ നടത്തിയത്. ലബോറട്ടറി സൗകര്യം, പരിശോധനയ്ക്കായി പ്രത്യേക മുറി, തുറസായ മുറ്റത്ത് ഷെഡ് നിര്‍മ്മിച്ച് വിശ്രമ സൗകര്യവും നവീകരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഒരു ഡോക്ടറും താല്‍ക്കാലിക തസ്തികയില്‍ ഉള്‍പ്പെടെ രണ്ട് നഴ്‌സുമാരുമാണ് ഇവിടെ ഉള്ളത്. മെച്ചപ്പെട്ട ആരോഗ്യ സേവനവും കാര്യക്ഷമമായ ആരോഗ്യ പരിരക്ഷയുമാണ് ഇ-ഹെല്‍ത്ത് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ഇ-ഹെല്‍ത്ത് പദ്ധതിയുടെ മേഖലപ്രവര്‍ത്തങ്ങള്‍ക്ക് ഇതോടെ തുടക്കമാകും. പദ്ധതിയുടെ ഭാഗമായി നടത്തുന്ന ആധാര്‍ രജിസ്‌ട്രേഷന്‍ തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ എല്ലാ ഡിവിഷനുകളിലും നടക്കും. കോര്‍പ്പറേഷന്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി. രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബേപ്പൂര്‍ സോണല്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.എന്‍. ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇ-ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. ഇ.പി. പ്രമോദ്, കൗണ്‍സിലര്‍മാരായ പി.പി. ബീരാന്‍ കോയ, ടി.അനില്‍കുമാര്‍, എം. ഗിരിജ ടീച്ചര്‍, പൊന്നത്ത് ഷൈമ, ബേപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ. ഷാജു, കൗണ്‍സിലര്‍ പേരോത്ത് പ്രകാശന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.തങ്കരാജ് എന്നിവര്‍ സംസാരിച്ചു.

