ഹനാനെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: കുടുംബം പുലര്‍ത്താനും പഠനത്തിനുമായി മീന്‍ കച്ചവടം നടത്തിയിരുന്ന ഹനാനെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹനാനെതിരെ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീന്‍ ഷെയ്ഖാണ് അറസ്റ്റിലായത്. യൂണിഫോമില്‍ മീന്വിറ്റതിനെ കുറിച്ചും ഹനാന് ധരിച്ച മോതിരത്തെകുറിച്ചുമെല്ലാം പരാമര്‍ശിച്ചായിരുന്നു അധിക്ഷേപം. മീന്‍വില്‍പ്പനയുടെ പേരില്‍ ഹനാന് നാട്ടുകാരെ പറ്റിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. ഇതേറ്റുപിടിച്ച് കുറെ പേര് ഹനാനെതിരെ മോശം പരാമര്‍ശം നടത്തി. ഹനാനെ അധിക്ഷേപിച്ച കൂടുതല്‍ പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തൊടുപുഴ അല്‍ അസര്‍ കോളജിലെ രസതന്ത്രം മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ഹനാന്.രോഗിയായ ഉമ്മയുടെ ചികിത്സയ്ക്കുമുള്ള പണം, അനിയന്റെയും തന്റെയും പഠനം , വീട്ടുവാടക എന്നിവക്കെല്ലാം ഹനാന് പണം കണ്ടെത്തിയിരുന്നത് ചെറിയ ജോലികള്‍ ചെയ്താണ്. ഏഴാം ക്ലാസ്മുതല്‍ അധ്വാനിച്ച് ജീവിക്കുന്ന പെണ്‍കുട്ടിയെയാണ് സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചത്. ഹനാന് മീന്വില്ക്കുന്ന കാര്യം വാര്‍ത്തയായതോടെ ഇതില്‍ തട്ടിപ്പുണ്ടെന്ന് ആരോപിച്ചായിരുന്നു അസഭ്യവര്‍ഷം . ഹനാനെ അധിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഇന്നലെ നിര്‍ദ്ദേശം നല്കി. തുടര്‍ന്നാണ് ഹനാന്റെ മൊഴിയെടുത്തതും കേസെടുത്തതും. ഹനാനെതിരെ വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലും പരിശോധന തുടങ്ങി.

