KOYILANDY DIARY.COM

The Perfect News Portal

മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകി പുന്നപ്ര കടല്‍തീരത്ത് ചാകരയെത്തി

അമ്പലപ്പുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകി പുന്നപ്ര കടല്‍തീരത്ത് ചാകരയെത്തി. ഒാഖി ദുരന്തത്തിനുശേഷമുള്ള വറുതിക്ക‌് വിരാമമിട്ട് വലനിറയെ മത്തിയും അയലയും കൊഴുവയും പൂവാലന്‍ ചെമ്മീനും ലഭിച്ചതോടെ ചള്ളി കടപ്പുറത്ത് ആഘോഷ തിരമാല.

വെള്ളിയാഴ‌്ച പുലര്‍ച്ചെ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ട വള്ളങ്ങളിലാണ് മത്തി, അയല, കൊഴുവ, നാരന്‍ പൂവാലന്‍ ചെമ്മീനുകള്‍ അധികമായി ലഭിച്ചത്. 50 കിലോ തൂക്കം വരുന്ന ഒരുകുട്ട മത്തിക്ക് രാവിലെ 5000 രൂപ വരെ ലഭിച്ചു. എന്നാല്‍ ഉച്ചക്ക്ശേഷം രണ്ടായിരമായി കുറഞ്ഞു. അയല കിലോയ‌്ക്ക് 50 രൂപയും പൂവാലന് 167 ഉം നാരന് 500 ആയിരുന്നു വില. കൊഴുവ 50 കിലോയ‌്ക്ക് 1000 രൂപവരെയായി.

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തിന്റെ വില്‍പ്പന വിപണിയില്‍ സജീവമായതിനാല്‍ ചാകര കൊയ‌്ത്ത‌് കേട്ടറിഞ്ഞ‌് നിരവധി പേരാണ് പച്ചമത്സ്യം വാങ്ങാന്‍ ചാകരകടപ്പുറത്തെത്തുന്നത്. ദേശീയ പാതയോരങ്ങള്‍ ചെറുകിട കച്ചവടക്കാര്‍ കൈയടക്കി. കഴിഞ്ഞ ദിവസങ്ങളില്‍ 300 വരെ ചില്ലറ വിലയുണ്ടായിരുന്ന മത്തിക്ക് വെള്ളിയാഴ‌്ച 100 രൂപയായി. ഇതിനിടെ ചാകര കൊയ‌്ത്ത‌് പ്രതീക്ഷിച്ച‌് നിരവധി തൊഴിലാളികളും വള്ളങ്ങളും പുന്നപ്ര തീരത്തേക്ക് എത്തുന്നുണ്ട്. ലൈലാന്റ‌്‌, ഡിസ്ക്കോ, വീഞ്ചു ഇനത്തില്‍പെട്ട വള്ളങ്ങളാണ് ജില്ലയുടെ വിവിധ ഭാഗത്തുനിന്നു എത്തുന്നത്.

Advertisements

ചാകരക്കാലത്ത് കടപ്പുറത്തിന് ഉത്സവഛായ പകര്‍ന്ന് നിരവധി ചായക്കടകളും തുണിക്കടകളും തീരത്തൊരുങ്ങി. ഓളവും തിരമാലയുമില്ലാതെ ശാന്തമായ തീരത്ത‌് രണ്ടുദിവസമായി വള്ളങ്ങള്‍ കടലിലിറക്കുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ഇതിനിടെയാണ് വെള്ളിയാഴ‌്ച തീരം ശാന്തമായതും മത്സ്യലഭ്യത വര്‍ധിച്ചതും.

Share news

Leave a Reply

Your email address will not be published. Required fields are marked *