KOYILANDY DIARY.COM

The Perfect News Portal

നിപ വൈറസ്: ഒരാൾ കൂടി മരിച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയുടെ രണ്ടാംഘട്ടത്തിന് തുടക്കമായെന്ന ആശങ്ക സൃഷ്ടിച്ച്‌ ഒരു മരണംകൂടി. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് നെല്ലിയുള്ളതില്‍ ഹൗസില്‍ ഭാസ്‌കരന്റെ മകന്‍ റസിന്‍ (25) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. നിപ സമ്ബര്‍ക്കപ്പട്ടികയില്‍പ്പെട്ടയാളാണ് ഈ യുവാവ്.

മേയ് 27-നാണ് റസിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. നേരത്തേ നിപ ബാധിച്ച്‌ മരിച്ച തിരുവോട് സ്വദേശി ഇസ്മായിലുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് റസിന് വൈറസ് ബാധയുണ്ടായതെന്നാണ് കരുതുന്നത്. ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്നപ്പോള്‍ റസിനും പനിബാധിച്ച്‌ അവിടെയുണ്ടായിരുന്നു.

അതേസമയം, വൈറസ് ബാധയുടെ രണ്ടാംഘട്ടം തുടങ്ങിയെന്ന സംശയത്തില്‍ ജാഗ്രതയും നടപടികളും കര്‍ക്കശമാക്കി. എല്ലാ കാര്യങ്ങളും നിയന്ത്രണത്തിലായെന്ന അവകാശവാദമില്ലെന്നും ജനങ്ങള്‍ ജാഗ്രത അതിശക്തമായി തുടരേണ്ടതുണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ബാലുശ്ശേരി താലൂക്ക് ആശുപത്രി, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഇടങ്ങളിലടക്കം സുരക്ഷയുടെയും പരിശോധനയുടെയും സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Advertisements

ഇതുവരെ വന്ന 186 പരിശോധനാഫലങ്ങളില്‍ 18 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 16 പേര്‍ മരിച്ചു. ആദ്യം മരിച്ച സാബിത്തിനെക്കൂടി കണക്കിലെടുത്താല്‍ മരണം 17 ആണ്. സാബിത്തിനുമുമ്പേ ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിരുന്നോ എന്നു പരിശോധിക്കാന്‍ മേയ് മാസത്തിനുമുമ്ബുള്ള രോഗികളുടെ വിവരങ്ങളും വിശകലനം ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു.

ഇതുവരെ 1407 പേരാണ് ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 11 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംശയത്തിന്റെപേരില്‍ നിരീക്ഷണത്തിലുള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *