റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നിന്നും രക്തം സ്വീകരിച്ചു: എച്ച് ഐ വി ബാധിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്.സി.സി) നിന്നും രക്തം സ്വീകരിക്കുന്നതിനിടെ എച്ച്.ഐ.വി ബാധിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്.
ആര്.സി.സിയില്‍ കാന്‍സര്‍ ചികിത്സയിലായിരുന്ന ഒമ്ബതുകാരിയായ പെണ്‍കുട്ടിക്ക് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചാണ് കുട്ടിയ്ക്ക് എച്ച്.ഐ.വി ബാധയുണ്ടായിരിക്കുന്നത്. രക്താര്‍ബുദത്തിന് ഇവിടെ ചികിത്സയിലായിരുന്ന കുട്ടിയ്ക്ക് നല്കപ്പെട്ട രക്തത്തില്‍ നിന്നാണ് എച്ച്.ഐ.വി പകര്‍ന്നതെന്നാരോപിച്ച് മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ സാങ്കേതികമായ കാരണങ്ങള്‍ നിരത്തി വളരെ ലാഘവത്തോടെയാണ് ആശുപത്രി അധികൃതര്‍ അന്ന് പ്രതികരിച്ചിരുന്നത്. വിന്േഡോ പിരീഡില്‍ രക്തം സ്വീകരിച്ചതാണ് രോഗത്തിന് ഇടയാക്കിയതെന്നും ഈ സാഹചര്യത്തില്‍ വൈറസ് ബാധ കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ അന്നത്തെ പ്രതികരണം.

അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.രാംദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ആഭ്യന്തര സമിതിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അണുബാധ വെളിപ്പെടുന്നതിന് മുന്‍പ് തന്നെ ദാതാവില്‍ നിന്ന് രക്തം സ്വീകരിച്ചതാണ് രോഗം പകരാന്‍ ഇടയാക്കിയതെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ വൈറസ് ബാധ കണ്ടെത്താന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

അതേസമയം മകള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആശുപത്രിയില്‍ തുടര്‍ ചികിത്സ നല്‍കുന്നുണ്ടെങ്കിലും കുട്ടിയുടെ ഭാവിയും വിദ്യാഭ്യാസവും പ്രതിസന്ധിയിലാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിതാവിന്റെ ഹര്‍ജി.
