ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തല്‍
ദുബായ്: നടി ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി കണ്ടെത്തല്‍. ഈ മുറിവ് എങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കും. മുറിവ് വീഴ്ചയില്‍ ഉണ്ടായതാണോയെന്നും പ്രോസിക്യൂഷന്‍ പരിശോധിക്കും.അങ്ങിനെയെങ്കില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാതെ മൃതദേഹം വിട്ടുകൊടുത്തേക്കും.
കുളിമുറിയിലെ ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്നാണ് ഇന്നലെ വന്ന റിപ്പോര്‍ട്ട് . ആ സമയം മുറിയില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബോണി കപ്പൂറിനേയും ഹോട്ടല്‍ ജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീദേവിയുടേത് അപകടമരണമാണെന്ന് വ്യക്തമായോടെ പ്രോസിക്യൂഷന്‍ നടപടി പൂര്‍ത്തിയാകാതെ മൃതദേഹം എംബാം ചെയ്യാനോ നാട്ടിലേക്ക് കൊണ്ടുവരാനോ സാധിക്കില്ല. അതേസമയം പ്രോസിക്യൂഷന്‍ ഉച്ചയോടെ പൂര്‍ത്തിയാക്കിയ ശേഷം വൈകിട്ട് മൃതദേഹം നാട്ടിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അതിനായി ശ്രമിക്കുന്നുണ്ട്.

അതേസമയം മരണം കൊലപാതകമാണെന്ന സംശയം പല പ്രമുഖരും പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നലെ പുറത്ത് വന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്രീദേവി മദ്യപിക്കാറില്ലെന്നാണ് ഇവരോടടുത്ത വ്യത്തങ്ങള്‍ അറിയിക്കുന്നത്.
ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ശ്രീദേവിക്ക് ഹൃദയസംബന്ധമായ അസുഖങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

അനന്തരവനും ബോളിവുഡ് നടനുമായ മോഹിത് മര്‍വായുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ റാസല്‍ഖൈമയില്‍ എത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. താമസിച്ച ദുബായിലെ ജുമൈറ എമിറേറ്റ്സ് പാലസ് ഹോട്ടലിലെ 2201 അപ്പാര്‍ട്ട്മെന്റിലെ ബാത്ത്റൂമില്‍ വീണ് ശനിയാഴ്ച രാത്രി പതിനൊന്നരക്കാണ് ശ്രീദേവി മരിച്ചത്.
