എന്‍.സി.അസ്താന പുതിയ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റു

തിരുവനന്തപുരം: ഡി.ജി.പി ഡോ.എന്‍.സി.അസ്താന പുതിയ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റു. നിലവിലെ വിജിലന്‍സ് ഡയറക്ടറും പൊലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ ഇരട്ടപ്പദവി വഹിക്കുന്നത് ചട്ടലംഘനമാണെന്ന വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അസ്താനയുടെ നിയമനം. അതേസമയം, സര്‍ക്കാര്‍ സര്‍വീസില്‍ പദവികളെക്കുറിച്ച് ആശങ്കയില്ലെന്ന് ചുമതലയേറ്റ ശേഷം അസ്താന പ്രതികരിച്ചു. വിജിലന്‍സ് ഡയറക്ടറെന്ന നിലയില്‍ നിലവിലെ നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് പ്രവര്‍ത്തിക്കും. വ്യക്തികള്‍ക്ക് പ്രധാന്യം നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് എന്‍.സി.അസ്താന. കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും തനിക്ക് കേന്ദ്രത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് അസ്താന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ബെഹ്റ വിവാദം ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് അസ്താനയിലേക്ക് വീണ്ടും സര്‍ക്കാര്‍ എത്തിയത്.

