വിവാഹച്ചടങ്ങിനിടെ 80 പവന്റെ സ്വര്‍ണം മോഷ്ടിച്ച കള്ളന് സെല്‍ഫിയില്‍ കുടുങ്ങി

കോഴിക്കോട്: പന്നിയങ്കരയില്‍ ചൊവ്വാഴ്ച രാത്രി വിവാഹച്ചടങ്ങിനിടെ 80 പവന്റെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. കൊടുവള്ളി കിഴക്കോത്ത് പള്ളിക്കണ്ടി പുത്തന്‍വീട്ടില്‍ മഹ്സൂസ് ഹനൂക്കിനെ ( ഫിയാനൂക്ക് – 27 ) യാണ് കോയമ്പത്തൂരില്‍നിന്ന് പന്നിയങ്കര എസ്.ഐ. കമറുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.
വിവാഹച്ചടങ്ങിനിടെ ഏതാനും യുവതികള്‍ പകര്‍ത്തിയ സെല്‍ഫി ചിത്രത്തില്‍ സ്വര്‍ണമടങ്ങിയ ബാഗിനടുത്ത് നില്ക്കുന്ന ഹനൂക്കിന്റെ ചിത്രം പ്രചരിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ചിത്രം കണ്ട് ഗള്‍ഫില്‍നിന്ന് വന്ന ഫോണ്‍ സന്ദേശമാണ് പ്രതിയുടെ വിലാസം പോലീസിന് ലഭിക്കാന്‍ സഹായിച്ചത്. അവിടെ ചെന്ന് അന്വേഷിച്ച് ഫോണ്‍ നമ്പര്‍ കണ്ടെത്തി. മൊബൈലിന്റെ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രതിയെ കുരുക്കിയത്. അന്വേഷണസംഘത്തില്‍ എസ്.െഎ. ശംഭുനാഥ്, എ.എസ്.െഎ. ബാബുരാജ്, മഹേഷ്, കെ.എം.

കൃഷ്ണന്, രവീന്ദ്രന്, ഹാരിസ് എന്നിവരും ഉണ്ടായിരുന്നു.

