ഓപ്പറേഷൻ തൂഫാൻ’; സീനിയർ സിറ്റിസൺസ് സംഗമവും തൂഫാൻ കെയർ പ്രഖ്യാപനവും
.
വടകര: ലഹരി മാഫിയക്കെതിരെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന സീനിയർ സിറ്റിസൺസ് സംഗമവും ‘തൂഫാൻ കെയർ ഡിക്ലറേഷൻ’ പരിപാടിയും സംസ്ഥാന ആഭ്യന്തര- വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 31 വൈകീട്ട് 4.30 ന് വടകര മുനിസിപ്പൽ ടൗൺ ഹാളിലാണ് പരിപാടി. തൂഫാൻ പോസ്റ്റർ രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിക്കും.
.

.
തിങ്കളാഴ്ച വൈകീട്ട് 4ന് വടകര സാംസ്കാരിക ചത്വരത്തിൽ നിന്ന് ലഹരിവിരുദ്ധ സന്ദേശ റാലി ആരംഭിക്കും. അഞ്ചുവിളക്ക് വഴി വടകര ടൗൺഹാളിൽ എത്തിച്ചേരുന്ന റാലിക്ക് ശേഷമാണ് പൊതുയോഗം. പരിപാടിയിൽ വടകര എം.എൽ.എ കെ.കെ. രമ അധ്യക്ഷത വഹിക്കും. വടകര എം.പി. ഷാഫി പറമ്പിൽ തൂഫാൻ വാരിയർ ഡിക്ലറേഷനും, കോഴിക്കോട് എം.പി. എം.കെ. രാഘവൻ തൂഫാൻ ബാഡ്ജ് വിതരണവും നിർവഹിക്കും.
.

.
പത്മശ്രീ മീനാക്ഷി അമ്മ ഉൾപ്പെടെയുള്ള സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തൂഫാൻ ബാഡ്ജ് സ്വീകരിക്കും. നോർത്ത് സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ വിഷയാവതരണം നടത്തും. കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കാർത്തിക് കെ. ഐ.പി.എസ്. തൂഫാൻ സന്ദേശം നൽകും.
.

.
എം.എൽ.എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, മറ്റ് ജനപ്രതിനിധികൾ, പോലീസ് പെൻഷൻകാർ, സർവീസ് പെൻഷൻകാർ, സീനിയർ സിറ്റിസൺസ്, റസിഡൻസ് അസോസിയേഷനുകൾ, ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, വ്യാപാരി സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രതിനിധികൾ പങ്കെടുക്കും. ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനൊപ്പം കുട്ടികൾക്കും വയോജനങ്ങൾക്കും കൂടുതൽ സുരക്ഷയും കരുതലും ഉറപ്പാക്കുകയും സമൂഹത്തിന്റെ വിവിധ മേഖലകളെ തൂഫാൻ സംരക്ഷണ വലയത്തിന്റെ ഭാഗമാക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.



