ശ്രീലങ്ക അണ്ടർ 19 യൂത്ത് ടെസ്റ്റ്; മലയാളി താരം മാനവ് കൃഷ്ണയ്ക്ക് സെഞ്ച്വറി
.
ശ്രീലങ്കൻ അണ്ടർ 19 ടീമിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 ടീമിന് വേണ്ടി സെഞ്ച്വറി നേടി മലയാളി താരം മാനവ് കൃഷ്ണ. മാനവിൻ്റെ ഇന്നിങ്സിൻ്റെ മികവിൽ ശ്രീലങ്കൻ ടീമിനെതിരെ ഇന്ത്യ കൂറ്റൻ സ്കോർ സ്വന്തമാക്കി. 153 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 100 റൺസാണ് മാനവ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒൻപത് വിക്കറ്റിന് 424 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 233 റൺസെടുത്ത സെനുജ വെകുനഗോഡയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായ ലക്ഷ്യ റായ്ചന്ദാനിയും സാഗർ വിർകും ചേർന്ന് ആദ്യ വിക്കറ്റിൽ 295 റൺസ് കൂട്ടിച്ചേർത്തു. ലക്ഷ്യ 207ഉം സാഗർ 134ഉം റൺസെടുത്തു. ആറാമനായി ബാറ്റ് ചെയ്യാനിറങ്ങിയ മാനവ് മധ്യനിരയിൽ ഉയർത്തിയ മികച്ച ഇന്നിങ്സാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്.

ടീമിൻ്റെ വിക്കറ്റ് കീപ്പർ കൂടിയാണ് മാനവ്. കഴിഞ്ഞ സീസണിൽ 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബിഹാർ ട്രോഫിയിലടക്കം കേരളത്തെ നയിച്ചത് മാനവ് ആയിരുന്നു. രണ്ട് സെഞ്ച്വറികളടക്കം സീസണിൽ ഉടനീളം കാഴ്ച വെച്ച മികവാണ് ദേശീയ അണ്ടർ 19 ടീമിലേക്ക് വഴിതുറന്നത്.




