KOYILANDY DIARY.COM

The Perfect News Portal

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

.

അയോധ്യയിലെ രാമക്ഷേത്ര സംഭാവന കൊള്ളയിൽ രാമജന്മഭൂമി തീർത്ഥ ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഹർജികളിൽ ക്ഷേത്രം ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നും എസ്ഐടി രൂപീകരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാർ നൽകണമെന്നുമാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

 

ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണം പര്യാപ്തമല്ലെന്നാണ് ഹർജിക്കാരുടെ വാദം. ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകളിൽ സമഗ്ര ഫൊറൻസിക് ഓഡിറ്റ് വേണമെന്നാണ് ആർജെഡി എംപി സുധാകർ സിംഗിന്റെ ഹർജിയിലെ ആവശ്യം. അതേസമയം, ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രസമിതി ചെയർമാന്റെ പി എ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം.

 

പ്രമോദ് നൗത്യാലാണ് ഡെറാഡൂണിൽ അറസ്റ്റിലായത്. ഇന്നലെ രാത്രി ഡെറാഡൂണിലെ വീട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്തതിൽ ക്രമക്കേട് ഉണ്ടായെന്ന പ്രാഥമിക ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പ്രമോദ് നൗത്യാലിനെ ക്ഷേത്ര സമിതി സസ്പെൻഡ് ചെയ്തതിന് പിന്നാലെ ആണ് പൊലീസ് നടപടി. ക്ഷേത്ര സമിതി ചെയർമാൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്നു പ്രമോദ് നൗത്യാൽ.

 

Share news
error: Content is protected !!