അരുണാചൽ പ്രദേശിലെ സെലാ തടാകത്തിൽ രണ്ട് മലയാളി വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു
.
അരുണാചൽ പ്രദേശിലെ സെലാ തടാകത്തിൽ രക്ഷാപ്രവർത്തനത്തിനിടെ രണ്ട് മലയാളി വിനോദ സഞ്ചാരികൾ മുങ്ങിമരിച്ചു. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ മഞ്ഞ് പാളി പൊട്ടി തടാകത്തിലേക്ക് വീണതിനെ തുടർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ ആൾ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായും മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നതായും അധികൃതർ അറിയിച്ചു.

സിയ തടാകം സ്ഥിതി ചെയ്യുന്നത് ഉയർന്ന പ്രദേശത്തിലാണ്. കടുത്ത തണുപ്പും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്. ഡിനു (26), മഹാദേവ് (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗുവാഹത്തി വഴിയാണ് ഏഴ് അംഗങ്ങളടങ്ങിയ ഈ ടൂറിസ്റ്റ് സംഘം തവാങിലെത്തിയത്.

ഉച്ചയ്ക്ക് ശേഷം സംഘം മഞ്ഞുപാളികൾ മൂടിയ തടാകത്തിന് മുകളിലൂടെ നടക്കവെ ഒരാൾ അബദ്ധത്തിൽ കാൽവഴുതി വീണ് മുങ്ങിത്താഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ഡിനുവും മഹാദേവും തടാകത്തിലേക്ക് ഇറങ്ങുകയായിരുന്നു. ആദ്യം വീണ ആൾ സുരക്ഷിതനായി പുറത്തെത്തിയെങ്കിലും ഡിനുവും മഹാദേവും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ അകപ്പെടുകയായിരുന്നു എന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഡി ഡബ്ല്യു തോൺഗോൺ പറഞ്ഞു. ഉച്ചയ്ക്ക് മൂന്നുമണിയോടെ അപകടവിവരം ജില്ലാ ഭരണകൂടത്തിന് ലഭിച്ചതിനെ തുടർന്ന് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.




