ഇന്ത്യന്‍ യുവതിയോട് വസ്ത്രമഴിക്കാന്‍ പറഞ്ഞ സംഭവം: സുഷമാ സ്വരാജ് റിപ്പോര്‍ട്ട് തേടി

ബെംഗളൂരു: ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയായ യുവതിയെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി സുഷമാസ്വരാജ് റിപ്പോര്‍ട്ട് തേടി. ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. മാര്‍ച്ച് 29 ന് ബെംഗളൂരുവില്‍ നിന്ന് ഐസ്ലാന്‍ഡിലേക്ക് പോവേണ്ടിയിരുന്ന ശ്രുതി ബസപ്പ എന്ന 30 കാരിക്കാണ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് ദുരനുഭവമുണ്ടായത്.
ശരീര പരിശോധന മുഴുവന്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. ശരിയായ രീതിയിലുള്ള പരിശോധനയ്ക്ക് തയ്യാറാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് തനിക്കൊരു ശസ്ത്രക്രിയയുണ്ടായിരുന്നു.അതിന്റെ രേഖകള്‍ കാണിച്ചിട്ടും അധികൃതര്‍ വസ്ത്രമഴിച്ചുള്ള പരിശോധന എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിമാനത്താവളത്തില്‍ താന്‍ നേരിട്ടത് വംശീയമായ അധിക്ഷേപത്തെയാണെന്നും അവര്‍ ആരോപിക്കുന്നു. തുടര്‍ന്ന് ശ്രുതിയുടെ ഐസ് ലാന്‍ഡുകാരനായ ഭര്‍ത്താവ് ഇടപെട്ടപ്പോളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അയഞ്ഞത്.

