KOYILANDY DIARY.COM

The Perfect News Portal

ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

.

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിച്ചു. ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തന്റെ അനുവാദമില്ലാതെ തന്റെ ഫോട്ടോ ഉപയോഗിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ട് ഇളയരാജ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍ സെന്തില്‍ കുമാറിന്റെ ഇടക്കാല വിധി.

 

 

തന്റെ ചിത്രമോ പേരോ കലാസൃഷ്ടികളോ അതേപോലെയോ തമാശ രൂപത്തിലോ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയോ യൂട്യൂബ് ചാനലുകളിലോ സമൂഹ മാധ്യമങ്ങളിലോ മൂന്നാം കക്ഷികള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണം എന്നാണ് ഇളയരാജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തന്റെ ചിത്രങ്ങളോ അതിനു സമാനമായ കല്‍പ്പിത ചിത്രങ്ങളോ തെറ്റിദ്ധാരണ പരത്തുന്ന രൂപത്തില്‍ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യമെന്നും ഹര്‍ജിയില്‍ പറഞ്ഞു. കേസിൽ അടുത്ത വാദം കേൾക്കുന്നത് വരെ ഈ ഇടക്കാല ഉത്തരവുകൾ പ്രാബല്യത്തിൽ ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് എന്‍ സെന്തില്‍ കുമാർ പറഞ്ഞു.

Advertisements
Share news