KOYILANDY DIARY.COM

The Perfect News Portal

രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; മന്ത്രിമാർ ഏറ്റുവാങ്ങി

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാർ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന് വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാരം.

സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബി ജെ പി നേതാവ് എസ് സുരേഷ് തുടങ്ങിയവരും വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാകും വീട്ടില്‍ എത്തിക്കുക.

അപകടം നടന്ന് 11ാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ഏകമലയാളിയാണ് യുകെയില്‍ നഴ്‌സ് ആയിരുന്ന രഞ്ജിത. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നഴ്സ് ആയി ലഭിച്ച സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധിയെടുത്തായിരുന്നു യുകെയിലേക്ക് പോയത്. അവധി പുതുക്കുന്നതിന്റെ ഭാഗമായി ലണ്ടനില്‍ നിന്ന് കേവലം അഞ്ചു ദിവസത്തെ അവധിക്കായി നാട്ടിലെത്തി തിരികെ പോകുമ്പോഴാണ് ദുരന്തം. ഈ മാസം 12നായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

Advertisements
Share news