നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം; ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൈവവൈവിധ്യ പഠനോത്സവ ക്വിസിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഇ.എം.എസ് ടൗൺ ഹാളിൽ വെച്ച് നടത്തിയ മത്സരം കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. മത്സരത്തിൽ ഉള്ളിയേരി എ.യു.പി.എസ് സ്കൂളിലെ വിദ്യാർത്ഥി ഗൗതം എസ് നാരായൺ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം എസ്.പി.ബി.എച്ച്.എസ്.എസ് രാമനാട്ടുകര സ്കൂളിലെ ഫാത്തിമ മിസ്കയും മൂന്നാം സ്ഥാനം കുറുവന്തേരി യു.പി സ്കൂളിലെ സാൻലിയ ആർ ദിനേശും നാലാം സ്ഥാനം എം.ജെ.എച്ച്. എസ്.എസ് എളെറ്റിൽ സ്കൂളിലെ അമാൻ ഫയാസും നേടി.

ബയോഡൈവേഴ്‌സിറ്റി ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു, ജില്ലാ ആസൂത്രണ സമിതി അംഗം സുധാകരൻ, ക്വിസ് മാസ്റ്ററും പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ സത്യൻ മേപ്പയൂർ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പ്രസാദ്, റിസോഴ്സ് പേഴ്സൺ നിരഞ്ജന തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലാതല ക്വിസ് മത്സരത്തിൽ 51 വിദ്യാർത്ഥികൾ പങ്കെടുത്തു. നേരത്തെ ജില്ലയിലെ 12 ബ്ലോക്കുകളിലും കോർപറേഷനിലുമായി ഏപ്രിൽ 25 നു നടത്തിയ ബ്ലോക്ക്‌തല ക്വിസ് മത്സരത്തിൽ നിന്നും വിജയിച്ച 4 വിദ്യാർത്ഥികൾ വീതമാണ് ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുത്തത്.

ജില്ലാതലത്തിൽ വിജയിച്ച 4 വിദ്യാർത്ഥികൾക്കായി മെയ് 16,17,18 മൂന്നു ദിവസങ്ങളിലായി ഇടുക്കി, അടിമാലിയിലെ ജൈവവൈവിധ്യ കേന്ദ്രത്തിലും മൂന്നാറിലുമായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തിൽ പങ്കെടുക്കും. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ യു.എന്‍.ഡി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്മ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 2025-26 അധ്യായന വർഷം 7,8,9 ക്ലാസ്സുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരവും പഠനോത്സവവും സംഘടിപ്പിക്കുന്നത്.

ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും പഠനോത്സവ ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും.
വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് പഠന ക്യാമ്പ് സംഘടിപ്പിക്കുക.
