കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സൊസൈറ്റിയുടെ സഹകരണ സ്കൂൾ ബസാറിന് തുടക്കമായി

കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കോ ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടിയുടെ പഠനോപകരണ വിപണനമേളയായ സ്കൂൾ ബസാർ സൊസൈറ്റിയുടെ രണ്ടാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ പ്രവർത്തനമാരംഭിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് തയ്യാറെടുക്കുന്ന നഴ്സറി ക്ലാസ് മുതൽ കോളജ് തലം വരേയുള്ള വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ സബ്‌സിഡിയോടുകൂടി ലഭ്യമാക്കുന്ന സ്കൂൾ ബസാറിന്റെ സേവനം വിജയകരമായ 13 വർഷത്തിലേക്കു കടക്കുകയാണ്.

സേന അംഗങ്ങൾക്ക് പുറമെ പൊതുജനങ്ങൾക്കും സ്കൂൾ ബസാറിന്റെ സേവനം ലഭ്യമാവുന്നതാണ്. മിനി സിവിൽ സ്റ്റേഷന് പുറകിൽ അരയങ്കാവ് റോഡിലുള്ള സൊസൈറ്റി ബിൽഡിംഗിൽ സജ്ജീകരിച്ചിരിക്കുന്ന സ്കൂൾ ബസാറിൽ പ്രമുഖ ബ്രാൻഡുകളുടെ നോട്ടുബുക്കുകൾ, സ്കൂൾ ബാഗുകൾ, കുടകൾ, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിലുകൾ, റെയിൻ കോട്ടുകൾ മറ്റ് പഠനോപകരണങ്ങൾ തുടങ്ങിയവ പൊതുവിപണിയെക്കാൾ 15% മുതൽ 60% വരെ വിലക്കുറവിൽ ലഭിക്കുമെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു.
