ലഹരി വില്പന വഴി സഹോദരന് വാങ്ങി നൽകിയ വാഹനം പോലീസ് കണ്ടു കെട്ടി

കോഴിക്കോട്: ലഹരി വില്പന വഴി സഹോദരന് വാങ്ങി നൽകിയ വാഹനം പോലീസ് കണ്ടു കെട്ടി. കുണ്ടായിതോട് തോണിച്ചിറ സ്വദേശി കരിമ്പാടൻ കോളനിയിൽ അജിത്ത് കെ (22) സഹോദരന് വാങ്ങി നൽകിയ YAMAHA FZ Motor Cycle ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ (SAFEMA) ഉത്തരവ് പ്രകാരം കണ്ടുകെട്ടിയത്.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റെ് പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് 89 ഗ്രാം എം.ഡി.എം.എ യുമായി അജിത്ത് പിടിയിലാവുന്നത്. ബാഗ്ളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ അജിത്ത്. ബംഗളൂരുവിൽ നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് ഫറോക്ക്, കുണ്ടായിതോട് ഭാഗങ്ങളിൽ വെച്ചാണ് പ്രതി വിൽപന നടത്തിയിരുന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും ബംഗളൂരിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് അവർക്ക് ലഹരി എത്തിച്ചു കൊടുക്കുകയും, പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രമായിരുന്നു ഇയാൾ ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്നത്.

കോഴിക്കോട് സിറ്റി ഡാൻസാഫിന്റെ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കുകയും, പ്രതി ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ എം.ഡി.എം.എ യുമായി കോഴിക്കോട് പുതിയ സ്റ്റാന്റെിൽ വന്നിറങ്ങിയപ്പോഴാണ് കസബ സബ് ഇൻസ്പെക്ടർ ജഗ്മോഹൻ ദത്തിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും, കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി തന്റെ സഹോദരന് വാങ്ങി നൽകിയ വാഹനമാണ് കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി നായർ നൽകിയ റിപ്പോർട്ട് പ്രകാരം കണ്ടുകെട്ടിയത്.

മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി സഹോദരന് വാഹനം വാങ്ങി നൽകിയതും, ആഡംബര ജീവിതം നയിച്ചതും ലഹരി വില്പനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്. കഴിഞ്ഞ ദിവസങ്ങളിൽ കസബ പോലീസ് പ്രതിയുടെ സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടികൾ എടുക്കുകയും, പ്രസ്തുത റിപ്പോർട്ട് ചെന്നെ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ റിപ്പോർട്ട് പ്രകാരമാണ് വാഹനം കണ്ടുകെട്ടിയത്. നിലവിൽ പ്രതി കോഴിക്കോട് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്.

ഈ കേസിന്റെ അന്വേഷണത്തിൽ പ്രതിയുടെ സ്വത്ത് വിവരങ്ങളും പോലീസ് അന്വേഷിച്ചിരുന്നു. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് ഉപയോഗിച്ചാണ് സ്വത്തുക്കൾ പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനം, കൂടാതെ ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിക്കാം. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ നിയമപ്രകാരം നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടുത്ത് സംഘങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും, സഹായികളുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്.

ജില്ലയിലേക്കുള്ള ലഹരി ഒഴുക്ക് തടയുന്നതിനായി കർശന നടപടികളാണ് കോഴിക്കോട് ജില്ലാ പോലീസ് സ്വീകരിക്കുന്നത്. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും, മയക്കുമരുന്ന് കച്ചവടക്കാരായ മുഴുവൻ ആളുകളെയും പിടികൂടുന്നതിനുള്ള തുടർനടപടികൾ മറ്റു സംസ്ഥാനങ്ങളിലെ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണെന്നും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ.പവിത്രൻ, ഐ.പി.എസ് അറിയിച്ചു.
