അട്ടപ്പാടിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു. അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയാണ് ചരിഞ്ഞത്. മറ്റ് കൊമ്പൻമാരോടൊപ്പം ഏറ്റുമുട്ടലിനിടയിലാണ് ആനയ്ക്ക് പരിക്കേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരിക്കേറ്റ നിലയിൽ കാട്ടാനയെ അട്ടപ്പാടി കീരിപാറയിൽ വനം വകുപ്പ് കണ്ടെത്തിയത്. മുറിവുകൾ പുഴുവരിക്കുന്ന നിലയിലായിരുന്നു. തുടർന്ന് മയക്കു വെടിവെച്ച് ആനയെ പിടികൂടി ചികിത്സിക്കാനാണ് വനംവകുപ്പ് ഒരുങ്ങിയത്. വെറ്റിനറി സർജന്മാർ എത്തി പരിശോധന നടത്തി. ആനയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ മയക്കുവെടി വെയ്ക്കാൻ കഴിഞ്ഞില്ല.

പിന്നീട് വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ആന. ഇന്ന് പുലർച്ചയോടെ ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി. രാവിലെ എട്ടുമണിയോടെ കാട്ടാന ചരിഞ്ഞു. ആനകൾ തമ്മിൽ ഏറ്റുമുട്ടിയതാണ് പരുക്കിന് കാരണം. 15 വയസ്സ് പ്രായമുള്ള കൊമ്പൻ്റെ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ച് വനത്തിൽ സംസ്കരിച്ചു.

