യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: മൊബൈൽഫോൺ ഉപയോഗത്തിന് വാങ്ങിയശേഷം മറിച്ചുവിറ്റതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ കൂടി മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തു. കേസിലെ മൂന്നാം പ്രതി ആലത്തൂർ ചാനൽക്കര അജീഷ് ഭവനിൽ അജിത് (26) നാലാം പ്രതി ചിറ്റക്കോട് വള്ളിവിള വീട്ടിൽ ശ്രീജു (18) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മ്യൂസിയം എസ്‌എച്ച്‌ഒ എസ് വിമലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിപിൻ, ഷിജു, സിപിഐമാരായ ഷിനി, ശരത്, അനീഷ്, ബജു, സന്തോഷ്, അരുൺദേവ്, പദ്മരാജ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഏപ്രിൽ ഏഴിന് പുലർച്ചെയാണ് നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങിയ കരിമനം സ്വദേശി ഷിബിനെ ഇന്നോവ കാറിലെത്തിയ സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴുത്തിനും കൈക്കും വെട്ടേറ്റ ഷിബിൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കേസിലെ രണ്ടു പ്രതികളെ ഏപ്രിൽ എട്ടിന് പൊലീസ് പിടികൂടിയിരുന്നു. കാരോട് മാറാടി ജനത ലൈബ്രറിക്കുസമീപം ആദർശ് നിവാസിൽ ആദർശ് (അപ്പു,19), കാരോട് എണ്ണവിള കനാൽ ട്രേഡേഴ്‌സിനുസമീപം അഭിജിത് കോട്ടേജിൽ അമിത് കുമാർ (24) എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഒരു മാസംമുമ്പും ഇതേ വിഷയത്തിൽ ഓവർബ്രിഡ്‌ജിനു സമീപം ഇവർ ഏറ്റുമുട്ടിയിരുന്നു.

