KOYILANDY DIARY.COM

The Perfect News Portal

ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും

താമരശ്ശേരി ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് ജുവനൈൽ ഹോമിൽ കഴിയുന്ന കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. കോഴിക്കോട് സെഷൻസ് കോടതി കുറ്റാരോപിതരായ ആറു കുട്ടികളുടെ ജാമ്യം തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ ഷഹബാസിന്റെ കുടുംബം തടസവാദം ഉന്നയിക്കും.

പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ പ്രോസിക്യുഷൻ വാദിച്ചിരുന്നു. കേസിൽ പ്രതികളായ 6 പേർക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്. അവധിക്കാലമായതിനാൽ മാതാപിതാക്കൾക്കൊപ്പം ഇവരെ ജാമ്യം നൽകി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

 

 

ഒരു മാസത്തിലധികമായി ജുവനൈൽ ഹോമിൽ കഴിയുകയാണ് ഇവർ. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെയെല്ലാം കോടതി തള്ളുകയായിരുന്നു. ഫെബ്രുവരി 28 നായിരുന്നു താമരശ്ശേരിയിൽ ട്യൂഷൻ ക്ലാസ്സിലെ വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. മാർച്ച് 1ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഷഹബാസ് മരിച്ചു.

Advertisements
Share news